യുവജനങ്ങളിൽ സാഹസികബോധവും പരിസ്ഥിതി സംരക്ഷണ മനോഭാവവും വളർത്തിയെടുക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമബോർഡ് ദേശീയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സാഹസികയാത്രാ പരിപാടി പശ്ചിമഘട്ടനിരയുടെ ഭാഗമായ കർണ്ണാടക അതിർത്തിയിലെ റാണിപുരം കുന്നുകളിലേക്ക് നടത്തി. മാലിന്യനിക്ഷേപത്താലും കൈയ്യേറ്റത്താലും നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി സമ്പത്ത് സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടു ത്തുകൊണ്ടാണ് നാൽപതോളം പേരടങ്ങിയ ട്രെക്കിംഗ് സംഘം യാത്രപുറപ്പെട്ടത്.
ദേശീയ സാഹസിക അക്കാദമി സ്‌പെഷൽ ഓഫീസർ പ്രണീതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ട്രക്കിംഗിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ നിർവ്വഹിച്ചു. ചടങ്ങിൽ വന സംരക്ഷണസമിതി സെക്രട്ടറി രമേശൻ, യുവജനക്ഷേമബോർഡ് കാസർക്കോട് ജില്ലാ കോ-ഓർഡിനേറ്റർ ശിവപ്രസാദ്, കാഞ്ഞങ്ങാട് നഗരസഭാ കോ-ഓർഡിനേറ്റർ ശിവചന്ദ്രൻ എന്നിവർ സംസാരിച്ചു. നിർമ്മൽ കാറടുക്ക, റിയാസ് മാങ്ങാട എന്നിവർ ക്ലാസെടുത്തു. സംഘാംഗങ്ങൾ വിവിധ കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.