- * 14 ജില്ലകളിലും പദ്ധതി പുരോഗമിക്കുന്നു
- * നോഡല്‍ ഏജന്‍സിയായി ചിയാക്ക്
- * സ്വകാര്യ ആശുപത്രികളെ ചികിത്സാ കേന്ദ്രങ്ങളാക്കുന്ന നടപടികള്‍ മുന്നോട്ട്, ലിസ്റ്റ് ഉടന്‍
- * കാര്‍ഡ് ലഭ്യമായവര്‍ക്ക് നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ
- * ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ബില്ലുകള്‍ പരിശോധിച്ച് പദ്ധതിയാനുകൂല്യങ്ങള്‍ നല്‍കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്)മാ
ര്‍ക്ക് ചുമതല
- * എല്ലാ ജില്ലകളിലും തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉടന്‍
ഇതര സംസ്ഥാന തൊഴിലാളികളുടെ (അതിഥി തൊഴിലാളികള്‍) ആരോഗ്യ പരിരക്ഷയും വിവര ശേഖരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെയും അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെയും നേതൃത്വത്തില്‍ ലേബര്‍ കമ്മീഷണറും ആവാസിന്റെ നോഡല്‍ ഓഫീസറുമായ എ.അലക്‌സാണ്ടറിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ലേബര്‍ ഓഫീസുകളും രാപകല്‍ ഭേദമെന്യേയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്താകമാനം ഇതിനോടകം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഒന്നര ലക്ഷത്തിലേറെ ബയോ മെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 22.02.2018 വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ആകെ വിതരണം ചെയ്തത് 1,55,595 ബയോമെട്രിക് കാര്‍ഡുകളാണ്. ആലപ്പുഴ-11154(പുരുഷന്‍മാര്‍ 10273, സ്ത്രീകള്‍ 879 ,ഭിന്നലിംഗക്കാര്‍ 2), എറണാകുളം-26194(പുരുഷന്‍മാര്‍ 21596, സ്ത്രീകള്‍ 4592 ,ഭിന്നലിംഗക്കാര്‍ 6), ഇടുക്കി-2852(പുരുഷന്‍മാര്‍ 2544, സ്ത്രീകള്‍ 307 ,ഭിന്നലിംഗക്കാര്‍ 1),കണ്ണൂര്‍-11584(പുരുഷന്‍മാര്‍ 11233, സ്ത്രീകള്‍ 350 ,ഭിന്നലിംഗക്കാര്‍ 1), കാസറഗോഡ്-5415(പുരുഷന്‍മാര്‍ 5186, സ്ത്രീകള്‍ 229 ,ഭിന്നലിംഗക്കാര്‍ 0),കൊല്ലം-11426,(പുരുഷന്‍മാര്‍ 11276 , സ്ത്രീകള്‍ 145 ,ഭിന്നലിംഗക്കാര്‍ 5), കോട്ടയം-5204(പുരുഷന്‍മാര്‍ 5182, സ്ത്രീകള്‍ 22 ,ഭിന്നലിംഗക്കാര്‍ 0), കോഴിക്കോട്-16341(പുരുഷന്‍മാര്‍ 16289 , സ്ത്രീകള്‍ 47 ,ഭിന്നലിംഗക്കാര്‍ 5),മലപ്പുറം-9964(പുരുഷന്‍മാര്‍ 9764, സ്ത്രീകള്‍ 195 ,ഭിന്നലിംഗക്കാര്‍ 5 ), പാലക്കാട്-9443(പുരുഷന്‍മാര്‍ 9007 , സ്ത്രീകള്‍ 435 ,ഭിന്നലിംഗക്കാര്‍ 1), പത്തനംതിട്ട-8574(പുരുഷന്‍മാര്‍ 8380, സ്ത്രീകള്‍ 192 ,ഭിന്നലിംഗക്കാര്‍ 2), തിരുവനന്തപുരം-21162(പുരുഷന്മാ ര്‍ 20386, സ്ത്രീകള്‍ 770 ,ഭിന്നലിംഗക്കാര്‍ 6),തൃശൂര്‍-12167(പുരുഷന്‍മാര്‍ 11817, സ്ത്രീകള്‍ 347 ,ഭിന്നലിംഗക്കാര്‍ 3),വയനാട്-4115(പുരുഷന്‍മാര്‍ 3330, സ്ത്രീകള്‍ 784 ,ഭിന്നലിംഗക്കാര്‍ 1) എന്നിങ്ങനെയാണ് കണക്കുകള്‍.
റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ അധ്യക്ഷതയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൃത്യമായ അവലോകന യോഗം ചേരുന്നുണ്ട്. ഓരോ ജില്ലയിലും പുലര്‍ച്ചെ നാലുമണി മുതല്‍ ഒന്‍പതു മണി വരെയും വൈകുന്നേരം ഓഫീസ് സമയത്തിനു ശേഷം ആറുമണി മുതല്‍ രാത്രി 10.30 വരെയും ആവാസ് രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഓഫീസ് സമയത്തിനുമപ്പുറം ജോലി നോക്കിക്കൊണ്ടാണ് ഓരോ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അസി.ലേബര്‍ ഓഫീസര്‍മാര്‍, ഡപ്യൂട്ടി ലേബര്‍ ഓഫീസര്‍മാര്‍ മുതല്‍ ഓഫീസ് അറ്റന്‍ഡര്‍മാര്‍ വരെയും ആവാസ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് പോകുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍, തൊഴില്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥര്‍ രജിസ്‌ട്രേഷന്‍ നടത്തി ബയോ മെട്രിക് കാര്‍ഡ് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനം കമ്മീഷണര്‍ തലത്തിലും അഡീഷണല്‍ ചീഫ് സെക്രട്ടറി, മന്ത്രി തലങ്ങളിലും നടത്തി വരുന്നു.
പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെയും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. ഇതിന് തൊഴിലാളിക്കോ തൊഴിലുടമക്കോ ഒരു ബാധ്യതയുമില്ല. 70 രൂപ വിലവരുന്ന ബയോ മെട്രിക് കാര്‍ഡും ഇന്‍ഷ്വറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ സൗകര്യാര്‍ഥം എല്ലാ ജില്ലകളിലും തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു.
ലേബര്‍ കമ്മീഷണറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 01.11.2017 മുതല്‍ ആവാസ് പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ നടത്തി അംഗങ്ങളായി കാര്‍ഡ് ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ഏതെങ്കിലും തരത്തില്‍ അപകടം സംഭവിക്കുകയോ,അസുഖം മൂലം ചികിത്സ തേടേണ്ടി വരുകയോ ചെയ്യുന്ന പക്ഷം എഫ്‌ഐആര്‍, ചികിത്സാ രേഖകള്‍ എന്നിവ പരിശോധിച്ച് പദ്ധതി പ്രകാരമുള്ള സഹായങ്ങള്‍ നല്‍കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്)മാ രെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ലഭിക്കുന്ന ബില്ലുകളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കും.
ആവാസ് പദ്ധതി പ്രകാരം ചികിത്സാ പാക്കേജും ചികിത്സയുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളും നിശ്ചയിക്കുന്നതിന് ടെക്‌നിക്കല്‍ കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടിക്രമങ്ങള്‍ക്കും ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ചിയാക്കിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ കോമ്പറ്റേറ്റീവ് ഓപ്പണ്‍ ടെന്‍ഡര്‍ മുഖാന്തിരമാണ് പദ്ധതിക്കായുള്ള ഏജന്‍സി, ഉപയോഗിക്കേണ്ട സോഫ്റ്റ് വെയര്‍, ഇന്‍ഷ്വറന്‍സ് കമ്പനി, പ്രീമിയം തുക, ഇന്‍ഷ്വറന്‍സ് ലിങ്ക്ഡ് തിരിച്ചറിയല്‍ കാര്‍ഡ്‌നിര്‍മാണം, പ്രിന്റിംഗ്, വിതരണം എന്നിവ നിശ്ചയിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി വിവിധ മേഖലകളില്‍ ജോലി നോക്കുന്ന 18-നും 60-നും ഇടയില്‍ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വൃത്തിയും നിലവാരവുമുള്ള താമസ- ജീവിത സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും തൊഴിലും നൈപുണ്യവും വകുപ്പു നടപടി സ്വീകരിച്ചു വരുന്നു. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം. അവര്‍ക്ക് നല്ല താമസ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തൊഴിലുടമകളുടെ കൂടി ബാധ്യതയാണ്. അവരുടെ തൊഴില്‍- താമസ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നടപടികള്‍ക്ക് നിര്‍ദേശിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഉദ്ദേശിച്ച് പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട സമുച്ചയം യാഥാര്‍ഥ്യമായിക്കഴിഞ്ഞു. സംസ്ഥാനത്താകമാനം പദ്ധതി നടപ്പാക്കുന്നതിനും വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.