ജലസേചനം, ടൂറിസം രംഗത്തെ വിവിധ കിഫ്ബി പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. ജലസേചനവുമായി ബന്ധപ്പെട്ട ധർമ്മടത്തെ ചേക്കുപാലം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി, ചേരിക്കൽ, പാറപ്പുറം പദ്ധതികളും ടൂറിസം രംഗത്തെ മുഴുപ്പിലങ്ങാട്- ധർമ്മടം ബീച്ച് പദ്ധതി, തലശേരി ഹെറിറ്റേജ് പദ്ധതി എന്നിവയാണ് വിലയിരുത്തിയത്.

ചേക്കുപാലം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ ഡിസൈൻ കിഫ്ബി ടെക്നിക്കൽ ടീമിന്റെ സഹായത്തോടെ തയ്യാറാക്കാൻ തീരുമാനിച്ചു. 31.8 കോടി രൂപയുടെ പദ്ധതിയാണിത്. ചേരിക്കൽ, പാറപ്പുറം പദ്ധതികൾ 30ന് ചേരുന്ന കിഫ്ബി ബോർഡ് യോഗം പരിഗണിക്കും.

മുഴുപ്പിലങ്ങാട്- ധർമ്മടം പദ്ധതിക്ക് സി. ആർ. സെഡ് ക്ലിയറൻസ് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. 233.72 കോടി രൂപയുടെ ബൃഹദ്പദ്ധതിയാണിത്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് 142.5 കോടി രൂപയുടെ തലശേരി ഹെറിറ്റേജ് പദ്ധതി. പഴശ്ശി, കൾച്ചർ, ഫോക്ലോർ, ഹാർബർ സർക്യൂട്ടുകളാണ് ഇതിലുള്ളത്. ആരാധനാലയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളുമുൾപ്പെടെ 61 സ്ഥലങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

ഇതിന് 37 ഘടകങ്ങളുണ്ട്. ഇതിൽ മാനദണ്ഡങ്ങൾ പൂർണമായ ഘടകങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുമതി നൽകാൻ തീരുമാനമായി.
കിഫ്ബി സി. ഇ. ഒ കെ. എം. എബ്രഹാം, ആഭ്യന്തര ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.