സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന വാക്‌സിനേഷനെതിരെയുളള, ആരോഗ്യമേഖലയുടെ മുന്നേറ്റത്തെ തകര്‍ക്കുന്ന വിധത്തിലുളള വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്ന് സി. കെ ആശ എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ടി വി പുരം പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. രോഗപ്രതിരോധ ശേഷിയും ആരോഗ്യവുമുളളഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനാണ് പ്രതിരോധകുത്തിവെയ്പുകള്‍ എന്ന് തിരിച്ചറിയണം. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വളരെ വ്യാപകമായി ഇക്കഴിഞ്ഞ കാലങ്ങളില്‍ പ്രചരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും ആരോഗ്യമേഖലയെ നിലനിര്‍ത്തുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ്. ആ നടപടികളോട് ജനങ്ങള്‍ വിമുഖത കാണിച്ച് പുറംതിരിഞ്ഞു നില്‍ക്കുന്ന പ്രവണത കണ്ടു വരുന്നു. മൂന്ന് ഘട്ടമായി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കേണ്ടി വന്നത് ഇതുമൂലമാണ്. മുന്‍കാലങ്ങളില്‍ വാക്‌സിനേഷന് അനുകൂലമായി പ്രതികരിച്ചതുകൊണ്ടാണ് നമ്മുടെ പല രോഗങ്ങളും നിയന്ത്രണവിധേയമായത്. പോളിയോയും വസൂരിയും ഉദാഹരണങ്ങളായി നമുക്കു മുന്നിലുണ്ട്. സര്‍ക്കാരിന്റെ ഇത്തരം ശ്രദ്ധാപൂര്‍വ്വമായ ചുവടുവെയ്പ്പുകളാണ് ആരോഗ്യമേഖലയില്‍ കേരളത്തെ മുന്‍പന്തിയിലെത്തിച്ചത്. ആരോഗ്യ സംരക്ഷണ പരിപാടികളില്‍ നിതാന്ത ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. രോഗീ സൗഹൃദമായ ആരോഗ്യമേഖലയാണ് വേണ്ടതെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. ആര്‍ദ്രം പദ്ധതി അതിന് ഉദാഹരണമാണ്.
മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍ സൂസന്‍ ജോണ്‍ ക്ലാസ്സെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് വികാരി ഫാ.പോള്‍ ചിറ്റിനപ്പളളി എന്നിവര്‍ സംസാരിച്ചു.
