* പഴവങ്ങാടിയിലെ ഫ്രഷ്ജ്യൂസ് കട പൂട്ടിച്ചു
* രണ്ട് സ്ഥാപനങ്ങൾക്ക് പിഴ, നിരന്തര പരിശോധന
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷതിമായ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാകൺട്രോൾറൂം പ്രവർത്തനം ആരംഭിച്ചു.
പൊങ്കാലയുമായി ബന്ധപ്പെട്ട അന്നദാനം, ലഘുഭക്ഷണ വിതരണം എന്നിവയ്ക്കുള്ള താൽക്കാലിക ഓൺലൈൻ രജിസ്‌ട്രേഷൻ കൺട്രോൾ റൂമിൽ ലഭ്യമാണ്. താൽപ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും തിരിച്ചറിയൽ കാർഡ്, ഫോട്ടോ, രജിസ്‌ട്രേഷൻ ഫീസ് എന്നിവ സഹിതം കൺട്രോൾ റൂമിൽ ബന്ധപ്പെടണം.
ഭക്ഷ്യസുരക്ഷാകമ്മീഷണർ വീണ. എൻ. മാധവൻ കൺട്രോൾറൂം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കമ്മിഷണർ കെ. അനിൽ കുമാർ, റിസർച്ച് ഓഫീസർ ജി. ഗോപകുമാർ തുടങ്ങിയവരും പങ്കെടുത്തു.
ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ 25 ഭക്ഷണ ഉൽപ്പാദന, വിതരണം, വിൽപ്പന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും വൃത്തിഹീനമായും പ്രവർത്തിച്ചുവന്ന നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഗുരുതരമായ ലംഘനം കണ്ടെത്തിയ പഴവങ്ങാടിയിലെ ഫ്രഷ് ജ്യൂസ് സ്ഥാപനം അടപ്പിക്കുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. മറ്റ് രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരും.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് വിളിച്ചറിയിക്കാവുന്നതാണെന്നും അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ടോൾ ഫ്രീ നമ്പർ – 1800 4251125. മൊബൈൽ: 8943346198, 8943346526, 8943346582.