* ആറ്റുകാൽ റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയതിന് അഭിനന്ദനം
* കുടിവെള്ളം, റോഡ്; വേഗത്തിൽ നടപടി
ജില്ലാ വികസന സമിതിയോഗം കളക്ടറേറ്റിൽ ചേർന്നു. ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവക്ക് സമീപം ഉച്ചത്തിൽ വാഹനങ്ങൾ ഹോൺ മുഴക്കുന്നതിന് നിയന്ത്രണം ആവശ്യമാണെന്നും അതിനുള്ള നടപടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. വാമനപുരം മണ്ഡലത്തിലെ പാലോട് – ബ്രൈമൂർ റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും.
അമ്പലമുക്ക് – പരുത്തിപ്പാറ റോഡിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ജോലികൾ ഉടൻതന്നെ പൂർത്തിയാകുമെന്നും അത് കഴിഞ്ഞാലുടൻ റോഡ് ടാറിംഗ് ആരംഭിക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് ഉദേ്യാഗസ്ഥർ യോഗത്തെ അറിയിച്ചു. ശാസ്തമംഗലം – പേരൂർക്കട റോഡിന്റെ പ്രവൃത്തികൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
ആറ്റുകാൽ പൊങ്കാലയ്ക്ക് വളരെ മുൻപേ തന്നെ മേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിന് ഒ. രാജഗോപാൽ എം.എൽ.എയുടെ പ്രതിനിധി യോഗത്തെ നന്ദി അറിയിച്ചു.
കല്ലമ്പലം ജംഗ്ഷനിലെ വർധിച്ച റോഡപകടങ്ങൾ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുവാൻ യോഗത്തിൽ ധാരണയായി. പൂവാർ തീരദേശ പോലീസ് സ്റ്റേഷന്റെ പണി പൂർത്തിയായ സാഹചര്യത്തിൽ ഉദേ്യാഗസ്ഥരെ നിയമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും വേണ്ട നടപടികൾ ഉടൻ പൂർത്തിയാകും. പോത്തൻകോട്, കൊയ്ത്തൂർക്കോണം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങിയതായും ബന്ധപ്പെട്ട ഉദേ്യാഗസ്ഥർ യോഗത്തെ അറിയിച്ചു.
ജില്ലാ കളക്ടർ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ. മുരളീധരൻ എം.എൽ.എ, എ.ഡി.എം ജോൺ വി. സാമുവൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു, വിവിധ എം.പി, എം.എൽ.എ മാരുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദേ്യാഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.