കാട്ടാന ശല്യം നേരിടാൻ വനമേഖലയ്ക്ക് അടുത്തുളള കൃഷിയിടങ്ങളിലും റെയിൽവെ ട്രാക്കിലും പ്രാദേശിക കാവൽ സംവിധാനമേർപ്പെടുത്തുമെന്ന് പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേലൂരി ജില്ലാ വികസന സമിതിയിൽ അറിയിച്ചു. നിലവിൽ വാളയാർ റെയ്ഞ്ചിലുളള 64 വാച്ചർമാരെ കൂടാതെയാണ് പ്രാദേശികമായി വാച്ചർമാരെ നിയമിക്കാനുളള തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനപങ്കാളിത്തത്തോടെയുളള ഈ കാവൽ സംവിധാനം ലോകമെങ്ങും സ്വീകരിച്ച മാതൃകയാണെന്നും ഡി.എഫ്.ഓ അറിയിച്ചു. കൂടാതെ ഒറ്റയാൻമാരെ തുരത്താനുളള മാർഗ്ഗങ്ങൾക്കായി തമിഴ്‌നാടും വേൾഡ് വൈൽഡ് ലൈഫ് പോലുളള സന്നദ്ധ സംഘടനകളുമായും ചർച്ച ചെയ്ത് സഹകരണം തേടും. ആനകൾക്ക് വനത്തിൽ തന്നെ വെളളം ലഭ്യമാക്കുന്നതിന് വന സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ 20 താത്ക്കാലിക ചെക്ക് ഡാമുകളും 10 കുളങ്ങളുടെയും നിർമാണം പൂർത്തിയായി. 100 ഹെക്ടറിൽ അടിക്കാടുകൾ വെട്ടി. 52 കി.മീറ്റർ സൗരോർജ ഫെൻസിങും പൂർത്തിയായി. 20 കി.മീറ്റർ ഫെൻസിങ് നടക്കുകയാണ്. ഫെൻസിങ് ആവശ്യമുണ്ടെങ്കിൽ പഞ്ചായത്തുകൾ അറിയിച്ചാൽ സംവിധാനമൊരുക്കുമെന്നും ഡി.എഫ്.ഒ അറിയിച്ചു. 50 ഹെക്ടറിൽ വനപ്രദേശം വന്യജീവി സൗഹൃദമാക്കി വെളളവും ഫലവൃക്ഷവും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വനാതിർത്തിയോട് ചേർന്നുളള പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മാർച്ച് ആദ്യ വാരം ചേരും.