വരുന്ന വേനൽക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ സാധ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായി ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. മഴ കുറവാണെങ്കിലും സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ 871 നിരീക്ഷണ കിണറുകളിൽ മെച്ചപ്പെട്ട ജലനിലപ്പ് കാണുന്നുണ്ട്. കുടിവെള്ള സ്രോതസ്സുകളായ നദികളിലും മറ്റും ജലം ഉറപ്പാക്കാൻ ചെക്ക് ഡാം നിർമാണം ഉൾപ്പെടെ നടത്തിവരുന്നുണ്ട്. കഴിഞ്ഞവർഷം കടുത്ത ജലക്ഷാമമുണ്ടായ തിരുവനന്തപുരം നഗരത്തിലെ ജലസ്രോതസ്സായ പേപ്പാറ ഡാമിൽ നിലവിൽ ജലനിരപ്പ് തൃപ്തികരമാണ്. ബദൽസ്രോതസ്സെന്ന നിലയിൽ നെയ്യാർ ഡാമിൽ നിന്ന് വെള്ളമെത്തിക്കാനും നിലവിൽ സംവിധാനമുണ്ട്. 120 ദശലക്ഷം ലിറ്റർ ശുദ്ധീകരിക്കുന്ന പുതിയ യൂണിറ്റ് നെയ്യാർ ഡാമിൽ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഡാമുകളിലെ മണൽനീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള ചുള്ളിയാർ, മംഗലം ഡാമുകളിൽ പൈലറ്റ് പദ്ധതിയായി മണൽനീക്കൽ നടന്നുവരുന്നുണ്ട്. ഇത് മറ്റ് ഡാമുകളിലും വ്യാപിപ്പിക്കും. തിരുവനന്തപുരത്ത് അരുവിക്കരയിൽ ജലസംഭരണശേഷി വർധിപ്പിക്കാൻ സാമ്പിൾ മണൽനീക്കം ഇപ്പോൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണൽനീക്കുന്നതുമൂലം ഡാമുകളിൽ സംഭരണശേഷി ഉയർത്താനും മണൽവിൽപനയിലൂടെ സർക്കാരിന് വരുമാനമുണ്ടാക്കാനുമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.