പദ്ധതിതുക ചെലവഴിക്കുന്നത് കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാക്കാൻ ജില്ലാകലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതിയിൽ ആയിരുന്നു കലക്ടർ നിർദേശം നൽകിയത്. ജില്ലയിൽ ഇതുവരെ 50.8 ശതമാനമാണ് പദ്ധതിതുക ചെലവഴിച്ചിട്ടുള്ളത്.
തുതിയൂർ റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തി ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വികസന സമിതിയിൽ അറിയിച്ചു.
പുഴകൾ, തോടുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് ഫ്‌ളാറ്റ് മാലിന്യം തള്ളുന്നതിനെതിരെ തൃക്കാക്കര നഗരസഭാ കാര്യാലയത്തിന്റെ പരിധിയിലുള്ള ഫ്‌ളാറ്റുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന്് തൃക്കാക്കര നഗരസഭ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും നഗരസഭ അറിയിച്ചു.
പാലാരിവട്ടം – കളമശ്ശേരി പൈപ്‌ലൈൻ റോഡിൽ അമിതഭാരമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നതും പാർക്ക് ചെയ്യുന്നതും ഒഴിവാക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ജില്ലാവികസന സമിതിയെ അറിയിച്ചു. വലിയ വാഹനങ്ങൾ വരുന്നതു മൂലം റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലാണെന്ന് കഴിഞ്ഞ ജില്ലാ വികസന സമിതിയോഗത്തിൽ പി റ്റി തോമസ് എംഎൽഎ ഉന്നയിച്ചിരുന്നു.
നവകേരളം മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനവും ജില്ലാ വികസന സമിതി യോഗത്തിനു ശേഷം നടന്നു. ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു മാസത്തിനുള്ളിൽ 100 കുളങ്ങൾ വൃത്തിയാക്കുമെന്ന് ഹരിതകേരളം ജില്ലാ മിഷൻ കോ-ഓഡിനേറ്റർ സുജിത് കരുൺ പറഞ്ഞു. 27ന് ഇത് സംബന്ധിച്ച് ഒരു യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വൃത്തിയാക്കിയ 150ലധികം കുളങ്ങളിൽ നന്നായി സംരക്ഷിച്ചന്നവയ്ക്ക് അവാർഡ് നൽകും.
ആർദ്രം പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഇതിൽ ഒമ്പത് കുടുംബാരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി. അടുത്ത മാസത്തോടെ അഞ്ചെണ്ണം കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ കെ കുട്ടപ്പൻ പറഞ്ഞു.
ലൈഫ് മിഷനിൽ ഭവനരഹിതർക്ക് ജില്ലയിൽ 1331 വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. അതിൽ 214 എണ്ണം പൂർത്തിയാക്കി.
പൊതുവിദ്യാലയങ്ങളുടെ പഠനനിലവാരം ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി 2200 ക്‌ളാസ്‌റുമുകളെ ആധുനീകരിക്കുന്നതിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്തുവെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി എ സന്തോഷ് പറഞ്ഞു.
ജില്ലാകലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പ്ലാനിംഗ് ഓഫീസർ സാലി ജോസഫ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥർ എന്നിവർ ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുത്തു.