പാലക്കാട്: കോവിഡ് – 19 ന്റെ മൂന്നാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന പ്രതിനിധികളെ ഉള്‍പ്പെടുത്തി സൂം മീറ്റിംഗ് നടത്തി. അതിര്‍ത്തി ജില്ലയെന്ന നിലയിലും അയല്‍ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യവും കണക്കിലെടുത്താണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ വാര്‍ഡ്- പഞ്ചായത്ത് തല സമിതികളിലൂടെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. പ്രവാസികളും അന്യസംസ്ഥാനത്തു നിന്നുള്ളവരും മടങ്ങി എത്തികൊണ്ടിരിക്കുന്ന സാഹചര്യവും രോഗബാധ കൂടുന്നതും ആശങ്ക കൂട്ടുന്നതായി യോഗത്തില്‍ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗത്തിന്റെ സ്രോതസ്സ് കണ്ടുപിടിക്കാനും രോഗികളുടെ ക്ലസ്റ്റര്‍ രൂപപ്പെടുന്നത് തടയാനും തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചവര്‍ നിയന്ത്രണം ലംഘിക്കുന്നത് നിരീക്ഷിക്കാന്‍ വാര്‍ഡ്- പഞ്ചായത്ത് തല കമ്മിറ്റികള്‍
ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചവര്‍ നിയന്ത്രണം ലംഘിക്കുന്നത് നിരീക്ഷിക്കാന്‍ വാര്‍ഡ്- പഞ്ചായത്ത് തല കമ്മിറ്റികള്‍ സജീവമാകേണ്ടതുണ്ട്. ആദ്യ രണ്ടുഘട്ടങ്ങളില്‍ വാര്‍ഡ്തല നിരീക്ഷണ കമ്മറ്റി ജില്ലയിലെ പഞ്ചായത്തുകളില്‍ ഉദ്ദേശിച്ച രീതിയില്‍ സജീവമായില്ല. ഇതിന്റെ ഫലമായാണ് നിയന്ത്രണം ലംഘിച്ച് ചിലര്‍ പുറത്ത് കടന്നത്. വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും ആ വാര്‍ഡിലെ വിവിധ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് വാര്‍ഡ്തല നിരീക്ഷണ കമ്മിറ്റി. വാര്‍ഡ്തല മോണിറ്ററിംഗ് കമ്മിറ്റിയാണ് വാര്‍ഡ്തല നിരീക്ഷണ കമ്മിറ്റിയുടെ മര്‍മ്മം എന്ന് പറയുന്നത്. ഇതില്‍ റസിഡന്‍സ് അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതിന്റെ പ്രതിനിധി അല്ലെങ്കില്‍ ആ പ്രദേശത്തെ രണ്ട് നാട്ടുകാര്‍, വാര്‍ഡ് മെമ്പര്‍, കൗണ്‍സിലര്‍, പോലീസ് എസ് .ഐ, ചാര്‍ജുള്ള തദ്ദേശ സമിതി ഉദ്യോഗസ്ഥന്‍, സന്നദ്ധ പ്രവര്‍ത്തകരുടെ പ്രതിനിധി, അങ്കണവാടി വര്‍ക്കര്‍, കുടുംബശ്രീ പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രതിനിധി *എന്നിവര്‍ അംഗങ്ങളായിരിക്കും. ഇവരാണ് ക്വാറന്റൈന്‍ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.* മോണിറ്ററിംഗ് കമ്മിറ്റിയിലെ ഒരംഗം ക്വാറന്റൈന്‍ വീടുകളില്‍ എന്നും സന്ദര്‍ശിക്കുന്ന രീതിയാണ് ഉണ്ടാകേണ്ടത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ചുമതല ഉണ്ടായിരിക്കണം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഡി.എം. ഒ ആസൂത്രണം ചെയ്യണം. സ്വകാര്യ ആശുപത്രികളുടെയും സേവനം പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യം. വാര്‍ഡ്തല കമ്മറ്റി രോഗവ്യാപനം തടയുന്നതിനായുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
വാര്‍ഡ്തല നിരീക്ഷണ കമ്മറ്റിക്ക് മുകളിലായി ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മേല്‍നോട്ട സമിതിയുണ്ട്. വാര്‍ഡ്തല കമ്മറ്റി കാര്യങ്ങളില്‍ കൃത്യമായി ഇടപെടുന്നുണ്ടോയെന്ന് മേല്‍കമ്മറ്റി പരിശോധിക്കും. പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, അതത് സ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, എം. എല്‍.എ / പ്രതിനിധി, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ / പ്രതിനിധി, തദ്ദേശസ്വയംഭരണ സെക്രട്ടറി, പ്രാഥമികാരോഗ്യകേന്ദ്ര മേധാവി, ആ പ്രദേശത്തെ സഹകരണ ബാങ്ക് പ്രസിഡന്റ്, കുടുംബശ്രീ, സാമൂഹ്യ സന്നദ്ധ സേന, ആശാ വര്‍ക്കര്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നീ 11 അംഗ കമ്മറ്റിക്കാണ് വാര്‍ഡ്തല കമ്മറ്റിയുടെ മേല്‍നോട്ട ചുമതല. ജില്ലാ കലക്ടര്‍, എസ്.പി, ഡി.എം.ഒ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങിയതാണ് ജില്ലാതല മേല്‍നോട്ട സമിതി. ഈ മൂന്ന് കമ്മറ്റികള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ വീഴ്ച കണ്ടുപിടിച്ച് രോഗവ്യാപനം തടയാന്‍ സാധിക്കണം.
ഹോം ക്വാറന്റൈന് പ്രാധാന്യം നല്‍കുന്നു: നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും
കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഹോം ക്വാറന്റൈനാണ് പ്രാധാന്യം നല്‍കുന്നത്. ക്വാറന്റൈന്‍ എന്നാല്‍ റൂം ക്വാറന്റൈനാണ്. വീട്ടിലെ റൂമില്‍ തന്നെ ആള്‍ കഴിയണം. പുറം ലോകവുമായിയാതൊരു ബന്ധവും പാടില്ല. കുടുംബാംഗങ്ങള്‍ അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുത്. വീട്ടില്‍ തീരെ സൗകര്യമില്ലാത്തവര്‍ക്ക് മാത്രമാണ് ഇനി ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുക. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് പെയ്ഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനും അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവിലും സൗകര്യം ഏര്‍പ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തുന്നത്.
കേന്ദ്രതലത്തില്‍ ഒരു ഇളവു കൂടി വരുന്നതിന്റെ ഭാഗമായി പുറത്ത് നിന്ന് വരുന്നവരുടെ എണ്ണം ഇനിയും കൂടാന്‍ പോകുകയാണ്. ഒരു പ്രദേശത്ത് ഇന്നലെ വരെ കാണാത്ത ആളുകളെ കാണുന്നുണ്ടെങ്കില്‍ അയാളെ പരിശോധനയ്ക്ക് വിധേയമാക്കണം. കാരണം പലരും നിയമവിരുദ്ധമായാണ് പ്രദേശത്തേക്ക് വരുന്നത്. അങ്ങനെ വരുമ്പോള്‍ അവര്‍ ഉദ്യോഗസ്ഥരുടെയോ സര്‍ക്കാരിന്റെയോ നിയന്ത്രണത്തിലല്ല. വാര്‍ഡ്തല മോണിറ്ററിംഗ് കമ്മറ്റിക്ക് ഇവരെ കണ്ടുപിടിക്കാന്‍ സാധിക്കും. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യണം. പാന്‍ഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഭേദഗതി ചെയ്തതിലൂടെ പതിനായിരം രൂപ പിഴയും രണ്ട് വര്‍ഷംവരെ തടവും ശിക്ഷ വിധിക്കാവുന്നതാണ്.
വ്യാജ രജിസ്‌ട്രേഷനുകള്‍ വഴിയുള്ള അനധികൃത കടന്നുവരവ് കര്‍ശനമായി നിരീക്ഷിക്കും
വ്യാജ രജിസട്രേഷന്‍ വഴി ജില്ലയിലേയ്ക്കും സംസ്ഥാനത്തേയ്ക്കും വരുന്നവരുടെ എണ്ണം കൂടുകയാണ്. പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ യഥാര്‍ത്ഥത്തിലുള്ള പേരും അഡ്രസും അല്ല കൊടുക്കുന്നത്. യഥാര്‍ത്ഥ പോസിറ്റീവ് കേസുകളെ തിരിച്ചറിയാന്‍ ഇതുമൂലം കഴിയാതെ വരും. മുന്‍പ് കലക്ടര്‍ പാസ് നല്‍കിയിരുന്ന സമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ക്രോസ് ചെക്ക് നടത്തിയിരുന്നു. എന്നാല്‍ പാസ് നിര്‍ത്തലാക്കിയതോടെ അനധികൃതമായി വരുന്നവരുടെ എണ്ണം കൂടുകയാണ്. പഞ്ചായത്ത് തല കമ്മറ്റികള്‍ ഇത് ഗൗരവത്തോടെ കാണണം. വൈറസിന്റെ സ്രേ >തസ്സ് കണ്ടുപിടിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നത് ഈ രൂപത്തിലുള്ള ചിലരുടെ ഇടപെടല്‍ മൂലമാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മുന്നില്‍ കണ്ട് ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലാ ആശുപത്രി നിലവില്‍ കോവിഡ് ആശുപത്രിയായാണ് പ്രവര്‍ത്തിക്കുന്നത്. ഐ സി യൂണിറ്റും വെന്റിലേറ്റര്‍ സൗകര്യവുമുണ്ട്. 40 വെന്റിലേറ്ററുകള്‍ക്കുകൂടി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് മെഡിക്കല്‍ കോളേജിനെ കോവിഡ് ഒപി ആക്കുകയാണ്. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രവും ഇവിടെ തന്നെ ആയിരിക്കും. പി.സി.ആര്‍ ടെസ്റ്റിനുള്ള സൗകര്യം മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്. ചെര്‍പ്പുളശ്ശേരി മാങ്ങോട് മെഡിക്കല്‍ കോളേജിനെയും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രമാക്കും. അഡ്മിഷനും ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യവും ഇവിടെയും ഒരുക്കും. ഈ രണ്ട് സ്ഥാപനങ്ങളിലും സൗകര്യം തികയാതെ വന്നാല്‍ കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലുീ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്ര സൗകര്യമൊരുക്കും. 1000 ബെഡ് സൗകര്യം ഇവിടെയുണ്ട്. സമൂഹ വ്യാപന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നത്.
ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ്, ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം കോര്‍ഡിനേറ്റ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് ഡി.എച്ച്.ഓഫീസിലെ(ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ) ഡോ. ജഗദീശനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 500 ഓളം സ്റ്റാഫിനെ നിയമിക്കാനും ഉത്തരവായിട്ടുണ്ട്. ആവശ്യമുള്ള ഉപകരണങ്ങള്‍, മരുന്നുകള്‍, ഭക്ഷണം ഇതൊക്കെ ഉറപ്പുവരുത്തിയിട്ടുണ്ട്.
*നിയന്ത്രണം വിട്ടാല്‍ സൗകര്യങ്ങള്‍ മതിയാകാതെ ആകും. അതിനാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുക*
സര്‍ക്കാരിന്റെ മുന്‍കരുതല്‍ സംവിധാനങ്ങള്‍ കൊണ്ട് നേരിടാന്‍ പറ്റുന്ന പ്രശ്‌നമാണ് നമുക്ക് മുന്നിലുള്ളതെന്ന് ധരിക്കരുത്. സ്ഥിതിഗതികള്‍ മാറുകയാണ്. നിയന്ത്രണം വിട്ടാല്‍ ഈ സൗകര്യങ്ങളൊന്നും മതിയാകാതെ വരും. നമുക്കു മുന്നില്‍ ഒരു വഴി മാത്രമേയുള്ളൂ, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജീവിക്കുക. പറ്റാത്ത സാഹചര്യം വന്നാല്‍ ജില്ല പൂര്‍ണമായും ലോക് ഡൗണായി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടാകും. അതിനാല്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക, കൂട്ടം കൂടാതിരിക്കുക, ക്വാറന്റയ്ന്‍ നിബന്ധനകള്‍ പാലിക്കുക, ഹാന്റ് വാഷ്, മാസ്‌ക്, അകലം പാലിക്കല്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക.
*രോഗിയോടല്ല നമ്മുടെ പോരാട്ടം രോഗത്തോടാണ്.*
ജില്ലയിലെ പ്രവാസികളില്‍ 20 പേരാണ് മരണമടഞ്ഞത്. അവരുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കുടുംബാംഗങ്ങളെല്ലാം മാനസിക സമ്മര്‍ദ്ദത്തിനകപ്പെട്ട് മരവിച്ചിരിക്കുന്നതാണ് കണ്ടത്. അത്തരം മാനസികാവസ്ഥയിലേക്ക് പോകാതിരിക്കണമെങ്കില്‍ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നുണ്ടാകണം. പുറത്ത് നിന്ന് വരുന്ന മലയാളി സുഹൃത്തുക്കളെ ഒറ്റപ്പെടുത്താന്‍ അനുവദിക്കരുത്. രോഗിയോടല്ല നമ്മുടെ പോരാട്ടം രോഗത്തോടാണ്. ഈ മാരക വൈറസ് നമ്മുടെയെല്ലാം വീടിനുള്ളിലെത്താന്‍ അധിക സമയം വേണ്ടി വരില്ലെന്ന ബോധത്തോടെയായിരിക്കണം പ്രവര്‍ത്തനങ്ങള്‍. ഇതിനെയൊക്കെ അതിജീവിക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവം
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതായി പഞ്ചായത്ത് പ്രതിനിധികള്‍ സൂം മീറ്റിങ്ങില്‍ അറിയിച്ചു. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായി വാര്‍ഡ്, പഞ്ചായത്ത് തല സമിതികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പഞ്ചായത്ത് – വാര്‍ഡ്തല സമിതികളുടെ നേതൃത്വത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നതായും എല്ലാ പഞ്ചായത്തുകളിലും ആഴ്ചയില്‍ അല്ലെങ്കില്‍ രണ്ടാഴ്ചയെങ്കിലും സമിതികള്‍ വിളിച്ചുചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു.
അതിര്‍ത്തി പഞ്ചായത്തുകളിലൂടെ ദിവസവും നിരവധി ആളുകള്‍ തമിഴ്‌നാട് ജോലിക്ക് പോയി വരുന്നതിനാല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അങ്ങനെ പോയി വരുന്ന ആളുകളെ രണ്ട് ആഴ്ചയിലെങ്കിലും ടെസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കാനും മീറ്റിങ്ങില്‍ ജില്ലകലക്ടര്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.വീടുകളില്‍ നിരീക്ഷണത്തില്‍ താമസിക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
*അട്ടപ്പാടി മേഖലയിയില്‍ കൂടുതല്‍ ശ്രദ്ധ*
തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന അട്ടപ്പാടിയിലെ പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായി സൂം മീറ്റിങ്ങില്‍ പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു.
നിരവധി ആളുകള്‍കള്‍ തമിഴ്‌നാട്ടില്‍നിന്നും വരുന്നതായും അവരെ നിരീക്ഷണത്തില്‍ ഇരുത്തുന്നതിനും , ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനുമായി വാര്‍ഡ് – പഞ്ചായത്ത് തല സമിതികള്‍ അതാത് പഞ്ചായത്തുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ കര്‍ എന്നിവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പുതൂര്‍ പഞ്ചായത്തിലെ അതിര്‍ത്തിപ്രദേശമായ ആനക്കട്ടിയിലൂടെ നിരവധി ആളുകള്‍ വീടുകളിലേക്ക് വരുന്നുണ്ട്. എന്നാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യം ഒരുക്കി വരുന്നു . ഊരുകളില്‍ പുറത്തുനിന്ന് ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നതായി പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു.
ഷോളയൂര്‍ പഞ്ചായത്തില്‍ ഊടുവഴികളിലൂടെ മദ്യപിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തമിഴ്‌നാട്ടിലേക്ക് ആളുകള്‍ പോകുന്നുണ്ട്. അതിനാല്‍ മേഖലയില്‍ പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്നും ഊരുകളിലേക്ക് പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്നും മീറ്റിങ്ങില്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രി എ.കെ. ബാലന്‍ നിര്‍ദ്ദേശം നല്‍കി.
അഗളിപഞ്ചായത്തില്‍ വാര്‍ഡ് – പഞ്ചായത്ത് തല സമിതികള്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നു. പ്രളയം വന്നാല്‍ നേരിടുന്നതിനായി 11 സ്‌കൂളുകള്‍ സജ്ജമാക്കി വെച്ചിരിക്കുന്നതായി അഗളി പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. വ്യാജമദ്യം ധാരാളമായി എത്തുന്നുണ്ടെങ്കിലും പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ കര്‍ശനമായ നടപടികള്‍ മേഖലയില്‍ സ്വീകരിച്ചു വരുന്നുണ്ട്.
ജില്ലാ പഞ്ചായിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 91 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. ജിയോ പ്രോജക്ട് എന്ന നിലയിലാണ് കൊടുത്തത്. ജില്ലാപഞ്ചായത്തിന്റെ ഈ ക്വാര്‍ട്ടറില്‍ ലഭിക്കേണ്ട അലോട്ട്‌മെന്റ് കഴിഞ്ഞിരിക്കുകയാണെന്നും മോര്‍ച്ചറിയില്‍ സെന്‍ട്രലൈസ്ഡ് ഫ്രീസര്‍ സിസ്റ്റം നടന്നുകൊണ്ടിരിക്കുകയാണ് അതിന്റെ അലോട്ട്‌മെന്റ് ലഭിക്കേണ്ടതുണ്ട് അതോടൊപ്പം 77 ലക്ഷം രൂപയുടെ എന്‍ 95 മാസ്‌കും പി.പി.ഇ. കിറ്റുകളുടേയും നല്‍കണം വന്ന അലോട്ട്‌മെന്റുകളെല്ലാം ചിലവഴിച്ചു കഴിഞ്ഞു. അതിനാല്‍ അലോട്ട്‌മെന്റ് എത്രയും വേഗം അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സൂം മീറ്റിംഗില്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മഴക്കാലപൂര്‍വ്വ നടപടികള്‍ സ്വീകരിക്കണം: ജില്ലാ കലക്ടര്‍
ജില്ലയില്‍ ജൂലൈ അവസാനവാരത്തോടെയും ഓഗസ്റ്റ് ആദ്യവാരത്തോടെയും 24 മണിക്കൂറില്‍ 20 മുതല്‍ 30 സെന്റീമീറ്റര്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സൂം മീറ്റിംഗില്‍ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മഴ മുന്നില്‍ കണ്ട് വേണ്ട നടപടികളെടുക്കേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. അതോടൊപ്പം എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ആക്ഷന്‍ പ്ലാനിലുള്‍പ്പെടുത്തി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതത് പരിധിയിലെ തോടുകളുടെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുഴകളില്‍ കെട്ടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി അതത് പഞ്ചായത്തുകള്‍ വികസന ഫണ്ട് ഉപയോഗിച്ച് നടപടികള്‍ കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഭാരതപ്പുഴയുടെ പരിധിയിലുള്ള പഞ്ചായത്തുകള്‍ വിവിധയിടങ്ങളിലായി കൂടുതല്‍ മണ്ണ് കൂടികിടക്കുന്ന സ്ഥലങ്ങള്‍ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നീക്കം ചെയ്യണം. നീക്കം ചെയ്ത മണ്ണ് വില്‍പന നടത്തി കിട്ടുന്ന തുക ഈടാക്കി ബാക്കി സര്‍ക്കാറിലേക്ക് അടയ്ക്കാം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ റോഡ് മാര്‍ഗ്ഗം അതിര്‍ത്തി പ്രദേശം വഴി സംസ്ഥാനത്തേക്ക് ദിനംപ്രതിയെത്തുന്നത് ആയിരത്തില്‍പ്പരം പേരാണ്. റോഡുമാര്‍ഗം വരുന്നവര്‍ക്ക് യാതൊരുവിധ പരിശോധനയും കൂടാതെയാണ് എത്തുന്നത് ആയതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മാലിന്യസംസ്‌കരണത്തിന് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള സുരക്ഷാ സാമഗ്രികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കോവിഡ് 19 ന്റെ പഞ്ചാത്തലത്തില്‍ മഴക്കാലവുമായി ബന്ധപ്പെട്ട് നാല് ക്യാമ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. പ്രായമായവര്‍, പൊതുവായവര്‍, നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിങ്ങനെ നാല് തരത്തിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. കലകടറേറ്റില്‍ നടന്ന സൂം മീറ്റംഗില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എം.എല്‍.എമാരായ പി.ഉണ്ണി, മുഹമ്മദ് മുഹ്സിന്‍, കെ.ഡി പ്രസേനനന്‍, പി.കെ ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജഗദീഷന്‍, ഡി.എം.ഒ കെ.പി റീത്ത, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.