മരട് ഗവ. ഐടിഐയ്ക്കു നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു
തൊഴില്‍മേഖലയില്‍ രൂപപ്പെടുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നൈപുണ്യശേഷിയുള്ള തൊഴില്‍ശക്തി വളര്‍ത്തിയെടുക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മരട് ഗവ. ഐടിഐയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈന്‍ മുഖേന നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നൈപുണ്യപരിശീലനത്തിന്‍റെ സമകാലികപ്രാധാന്യം സമൂഹം ഉള്‍ക്കൊള്ളണമെന്ന് മന്ത്രി പറഞ്ഞു.
ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് നൈപുണ്യവികസനത്തില്‍ ഊന്നിയുളള പരിശീലനപദ്ധതികള്‍ക്ക് ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാര്‍ തുടക്കം കുറിച്ചത്. എല്‍ഡിഎഫ് ഗവണ്‍മെന്‍റ് അധികാരത്തിലെത്തിയശേഷം പതിനേഴ് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിച്ചു. കിഫ്ബി സഹായത്തോടെ പത്തും സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് രണ്ടും ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പോവുകയാണ്. എല്ലാ ഐടിഐകളുടെയും നിലവാരം ഉയര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യാവസായികപരിശീലനം ഉള്‍പ്പെടെ എല്ലാ സാങ്കേതികകോഴ്സുകളുടെയും ആധുനികവത്കരണമാണ് കാലം ആവശ്യപ്പെടുന്നത്.
തൊഴില്‍കമ്പോളത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇത് അനിവാര്യമാക്കുകയാണ്.
ഐടിഐകളിലെ പ്ലേസ്മെന്‍റ് സെല്ലുകളും ജോബ്ഫെയറുകളും മുഖേന ഇതിനകം 19,810 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ ഐടിഐകളിലും പ്ലേസ്മെന്‍റ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐടിഐകളിലെ പ്ലേസ്മെന്‍റ് സെല്ലുകളും സംരംഭകത്വവികസനക്ലബ്ബുകളും വിപുലീകരിക്കും.
മികവ് പുലര്‍ത്തുന്ന ട്രെയിനികള്‍ക്ക് വിദേശരാജ്യങ്ങളില്‍ പരിശീലനത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയ ടെക്നിക്കല്‍ എക്സ്ചേഞ്ച് പ്രോഗ്രാം ഏറെ പ്രയോജനപ്രദമാണെന്ന് വ്യക്തമായിട്ടണ്ട്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രൂപപ്പെട്ട സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് പദ്ധതി വ്യാപിപ്പിക്കും. ഹരിതമിഷനുമായി സഹകരിച്ച് ഐടിഐകളില്‍ നടപ്പാക്കിയ ഹരിതകാമ്പസ് പദ്ധതി ക്ലാസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് ഫലപ്രദമായി നടപ്പാക്കും.
മികച്ച തൊഴില്‍ശക്തിയെ വളര്‍ത്തിയെടുക്കാനും പുതിയ തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും പുതിയ തലമുറയെ സജ്ജമാക്കും. കൊല്ലം ചവറയില്‍ ആരംഭിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍ ഈ രംഗത്തെ മികച്ച ഇടപെടലാണ്. അടിസ്ഥാനതലം മുതല്‍ മാനേജ്മെന്‍റ് തലം വരെയുള്ള കോഴ്സുകള്‍ ഇവിടെയുണ്ട്. സംസ്ഥാന നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് മുഖേന ഒട്ടേറെ നൈപുണ്യപരിശീലന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കിവരികയാണ്.
തൊഴിലന്വേഷകര്‍ക്കായി സ്റ്റേറ്റ് ജോബ് പോര്‍ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ജോബ് പോര്‍ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഗാര്‍ഹികവും പ്രാദേശികവുമായ ആവശ്യങ്ങള്‍ക്ക് തൊഴിലാളികളെ കണ്ടെത്തുന്നതിന് സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപിനും രൂപം നല്‍കിയിട്ടുണ്ട്. എല്ലാ ഐടിഐകളിലും പ്രൊഡ്ക്ഷന്‍ സെന്‍റര്‍ ആരംഭിക്കും. ഉല്‍പ്പന്നങ്ങള്‍ ഐടിഐ പ്രോഡക്ട്സ് ആന്‍റ് സര്‍വീസസ് എന്ന പേരില്‍ വിപണിയിലെത്തിക്കും.
കോവിഡ് 19 നെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധികള്‍ അതിജീവിച്ച് സാധാരണജീവിതം തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ രോഗപ്രതിരോധസംവിധാനവും അതിജീവനദൗത്യവും വിജയിപ്പിക്കാന്‍ സമൂഹം ഒന്നിച്ചുനില്‍ക്കണം. പഠനപ്രക്രിയയിലും തൊഴില്‍മേഖലയിലും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ മറികടക്കണം. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും, ആധുനികവത്കരണത്തിലൂടെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ച് സമ്പദ്ഘടനയ്ക്ക് കരുത്തേകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലും നൈപുണ്യവും വകുപ്പ് നേതൃത്വം നല്‍കും. പുത്തന്‍ സാങ്കേതികവിദ്യകളുടെ ചുവടുപിടിച്ച് പുതിയ തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവരും. ഇത് കണക്കിലെടുത്ത് തൊഴിലന്വേഷകരുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കായി പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. പഠനകാലത്ത് വിദ്യാര്‍ഥികള്‍ക്ക് വരുമാനം കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ തൊഴില്‍സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പദ്ധതി വഴിയൊരുക്കും.
ഐടിഐ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശികവികസനത്തില്‍ സജീവമായി ഇടപെടണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
എം സ്വരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മരട് മാങ്കായ് ഗവ. എല്‍പി സ്കൂള്‍ അങ്കണത്തിലായിരുന്നു ഉദ്ഘാടനചടങ്ങ്. വെല്‍ഡര്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍ ട്രേഡുകളിലായി ആറ് യൂണിറ്റുകളില്‍ 128 ട്രെയിനികള്‍ക്കാണ് നിലവില്‍ പരിശീലനസൗകര്യമുള്ളത്. 98 ശതമാനം വിജയമുള്ള ഐടിഐയിലെ പ്ലേസ്മെന്‍റ് സെല്ലും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഒമ്പത് കോടി രൂപ വിനിയോഗിച്ച് രണ്ടു നിലകളിലായാണ് ഒന്നാം ഘട്ടനിര്‍മ്മാണം. പ്രാക്ടിക്കല്‍ ലാബ്, ക്ലാസ് മുറികള്‍, ഐടി ലാബ് , ഓഫീസ്, വെര്‍ച്വല്‍ ക്ലാസ് റൂം തുടങ്ങിയവ സജ്ജീകരിക്കും. രണ്ടാം ഘട്ടനിര്‍മ്മാണത്തില്‍ മൂന്ന് ട്രേഡുകള്‍ക്കുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 കോടി രൂപയാണ് മൊത്തം നിര്‍മ്മാണചെലവ്.