• * സാമൂഹ്യപ്രതിബദ്ധതയുള്ള നൂതനാശയങ്ങളുമായി വരാൻ യുവസംരംഭകർക്ക് കഴിയും -മുഖ്യമന്ത്രി
  • * റോബോട്ടിന്റെ അനാച്ഛാദനവും പ്രവർത്തനോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു
സാമൂഹ്യപ്രതിബദ്ധതയോടെ നൂതനാശയങ്ങളുമായി മുന്നോട്ടുവരാനുള്ള യുവസംരംഭകരുടെ കഴിവിന്റെ ഉദാഹരണമാണ് ‘ബൻഡിക്കൂട്ട്’ റോബോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ട് അപ്പ് മിഷനിലൂടെ ഇത്തരത്തിൽ വലിയ സൗകര്യമാണ് യുവപ്രതിഭകൾക്ക് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആൾനൂഴികൾ ശുചിയാക്കുന്ന ‘ബൻഡിക്കൂട്ട്’ റോബോട്ടിന്റെ അനാച്ഛാദനവും പ്രവർത്തനോദ്ഘാടനവും ജലഭവൻ അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയുടെ സംരംഭങ്ങളിൽ വലിയ പ്രതീക്ഷയുണ്ട്. ഇവർക്ക് നല്ല പ്രോത്‌സാഹനവും നൽകണം. ഊഹിക്കാൻ പോലും കഴിയാത്ത മഹത്തായ കണ്ടുപിടുത്തങ്ങളുമായാണ് സ്റ്റാർട്ട് അപ്പുകളിലൂടെ കുട്ടികൾ വരുന്നത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ഇവർക്ക് അംഗീകാരം നേടാൻ കഴിയുന്നുമുണ്ടെന്ന് ‘ബാൻഡിക്കൂട്ട്’ രൂപകൽപനചെയ്ത ജൻറോബോട്ടിക്‌സ് എന്ന സ്റ്റാർട്ട് അപ്പിന് തായ്‌വാനിലും സിംഗപൂരിലും ലഭിച്ച അംഗീകാരങ്ങൾ ഉദാഹരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിശ്ചയിച്ചതിലും വേഗത്തിൽ യന്ത്രമനുഷ്യന്റെ രൂപം തയാറാക്കാനും ജൻറോബോട്ടിക്‌സിന് കഴിഞ്ഞിട്ടുണ്ട്.
ജീർണവും വൃത്തിഹീനവുമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന മാൻഹോൾ ശുചിയാക്കുന്ന ദുരിതസാഹചര്യം അവസാനിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.
കോഴിക്കോട്ട് മാൻഹോളിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനിറങ്ങി ജീവൻ നഷ്ടപ്പെട്ട നൗഷാദിന്റെ അനുഭവവും ഈ കണ്ടുപിടുത്തത്തിന് പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം ഓർമിച്ചു.
പണമല്ല, ആശയമാണ് ഇത്തരം കണ്ടുപിടുത്തങ്ങളിൽ മൂലധനമാകേണ്ടതെന്നും അതിനുള്ള അവസരമുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
കേരള വാട്ടർ അതോറിറ്റി ഇന്നവേഷൻ സോണിന് അതോറിറ്റിയുടെ ജലവിതരണസംബന്ധമായ പ്രശ്‌നങ്ങൾ മനസിലാക്കാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പരിഷ്‌കൃത രീതിയിൽ തൊഴിലാളികൾക്ക് പണിയെടുക്കാൻ ‘ബൻഡിക്കൂട്ട്’ അവസരമൊരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇത്തരമൊരു ആശയം രൂപപ്പെടുത്തിയപ്പോൾ തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് ജൻറോബോട്ടിക്‌സ് ഇതേറ്റെടുത്തത്.
കുടിവെള്ള പൈപ്പുകളിലെ ഭൂമിക്കടിയിലെ ലീക്ക് കണ്ടുപിടിക്കാനുള്ള നൂതയനവിദ്യ രൂപീകരിക്കാനും വാട്ടർ അതോറിറ്റി ഇന്നവേഷൻ സോൺ വഴി ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, വാട്ടർ അതോറിറ്റി ബോർഡംഗം ടി.വി. ബാലൻ, ഡെ. ഡബ്്‌ള്യൂ.എ.ഇ.യു ജനറൽ സെക്രട്ടറി എം. തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. ജെൻറോബോട്ടിക്‌സ് സി.ഇ.ഒ എം.കെ. വിമൽ ഗോവിന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. വാട്ടർ അതോറിറ്റി എം.ഡി എ. ഷൈനാമോൾ സ്വാഗതവും ടെക്‌നിക്കൽ മെമ്പർ ടി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
കേരള വാട്ടർ അതോറിറ്റി ഇന്നവേഷൻ സോണിന്റെ ആഭിമുഖ്യത്തിൽ ജൻറോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പാണ് ആൾനൂഴി (മാൻഹോൾ) ശുചിയാക്കുന്ന യന്ത്ര മനുഷ്യൻ രൂപകൽപന ചെയ്തത്. കഴുത്തറ്റം മാലിന്യത്തിൽ മുങ്ങി മാൻഹോൾ ശുചീകരിക്കുന്ന തൊഴിലാളിയുടെ ചിത്രം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു യന്ത്രമനുഷ്യന്റെ ആശയത്തിലേക്ക് എത്തുന്നത്. ആ ചിത്രത്തിലുണ്ടായിരുന്ന തൊഴിലാളി ചെങ്കൽചൂള സ്വദേശി സതീഷും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് ശേഷം മാൻഹോൾ ശുചീകരണത്തൊഴിലാളികൾക്ക് പരിശീലനവും ജെൻറോബോട്ടിക്‌സിന്റെ നേതൃത്വത്തിൽ നൽകി.