കാഴ്ച പരിമിതർക്ക് ബ്രെയിലി ലിപിയിലുള്ള പാഠപുസ്തകങ്ങൾ ഈ വർഷം തന്നെ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിന് പരിമിതികൾക്കനുസരിച്ച് അവരുടെ സാധ്യതകൾ മനസ്സിലാക്കി വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തും. സ്‌കൂളുകളിൽ ബ്രെയിലി ലിപിയിലുള്ള പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നത് ഇന്ത്യയിൽ ആദ്യമാണെന്നും മന്ത്രി പറഞ്ഞു. ജഗതി സർക്കാർ ബധിര വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേൾവി പരിമിതിയുള്ളവർക്ക് കണ്ടു പഠിക്കാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന തരത്തിൽ സ്‌കൂളുകൾ ഹൈടെക് ആക്കും. ഇതിന്റെ ഭാഗമായി ജഗതി ബധിരവിദ്യാലയത്തിന്റെ ഭാഗമായ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങൾ ഈവർഷം തന്നെ ഹൈടെക്കാക്കുമെന്നും മന്ത്രി പറഞ്ഞു. പരിമിതികളെ മനസിലാക്കി അവരുടെ കഴിവുകളെയും സാധ്യതകളെയും മുന്നിൽകണ്ട് അക്കാദമിക് നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും. ആ രീതിയിലുള്ള പഠനത്തെ മനസ്സിലാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും അദ്ധ്യാപകരും അനദ്ധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു ശ്രമിച്ചാൽ പരിമിതികൾക്കുമപ്പുറത്ത് വളർച്ചയുടെ വലിയൊരു ലോകം അവർക്കു സമ്മാനിക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാറ്റിനം ജൂബിലി ഡെവല്പ്‌മെന്റ് കമ്മിറ്റി തയ്യാറാക്കിയ സ്‌കൂളിന്റെ മാസ്റ്റർപ്‌ളാൻ പി.ടി.എ പ്രസിഡന്റ് ആർ. ശ്രീകുമാരൻ നായർ മന്ത്രിക്ക് കൈമാറി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, വി. എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബി.എൻ. ദീപക് തുടങ്ങിയവർ സംബന്ധിച്ചു.