കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദേശീയ പാത 744 ലെ കോയിക്കല്‍-കരിക്കോട് പാത വികസനവും കുണ്ടറ പളളിമുക്ക് മേല്‍പ്പാലത്തിന്റെ   നിര്‍മ്മാണ പ്രവര്‍ത്തനവും വിലയിരുത്തുന്നതിന് കരിക്കോട് ടി കെ എം എന്‍ജിനീയറിങ് കോളേജില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കോയിക്കല്‍ കരിക്കോട് ജംഗ്ഷന്‍ വരെയുള്ള പാത നാലുവരി ആക്കുന്നതിന് 280.15 കോടി രൂപയുടെയും കുണ്ടറ പള്ളിമുക്കില്‍ പുതിയ റെയില്‍വെ മേല്‍പ്പാലവും  ഫ്‌ളൈഓവറിനുമായി 166.85 കോടി രൂപയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. കിഫ്ബി ഫണ്ട് ലക്ഷ്യമാക്കി പദ്ധതി പൂര്‍ത്തിയാക്കും. ഇത് സംബന്ധിച്ച് തുടര്‍ യോഗങ്ങള്‍ ജൂലൈ 11 ഉച്ചകഴിഞ്ഞ് രണ്ടിന് എം എല്‍ എ ഓഫീസിലും വൈകിട്ട് അഞ്ചിന് കല്ലുംതാഴം കിളികൊല്ലൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും നടത്തും. ജൂലൈ പതിമൂന്നോടെ സര്‍വെ നടപടികള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് പരീത്, റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ ബീന, ദേശീയപാത സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി ഉണ്ണികൃഷ്ണന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ അനില്‍കുമാര്‍ ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എ ജയ, ടി കെ എം എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ടി എ  ഷാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.