വികസന ഭൂപടത്തിൽ ജില്ലയ്ക്ക് പ്രഥമ സ്ഥാനം ലഭ്യമാക്കുന്ന തരത്തിൽ പുതുമയുള്ള സംയുക്ത പദ്ധതി നിർദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി. കിള്ളിയാർ നദീ സംരക്ഷണം, വെള്ളയമ്പലം മുതൽ അരുവിക്കര വരെയുള്ള പൈപ്പ് ലൈൻ റോഡ് വാക്ക് വേ പദ്ധതി, ഒന്നാം ക്‌ളാസുമുതലുള്ള വിദ്യാർത്ഥികൾക്ക് ഉപയുക്തമായ തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന ജില്ലാ റഫറൻസ് പദ്ധതി എന്നിവ വരുന്ന സാമ്പത്തികവർഷം നടപ്പാകും. കാർഷിക ജലസംരക്ഷണ മേഖലയ്ക്ക് ഊന്നൽ നൽകി കൊണ്ടുള്ള പദ്ധതി നിർദ്ദേശങ്ങളും ശ്രദ്ധേയമാണ്. ജൈവസമൃദ്ധി, കേദാരം പദ്ധതികളാണ് ഇവയിൽ പ്രധാനം. ജൈവ പച്ചക്കറി ഉൽപ്പാദനത്തിന് നടീൽ വസ്തുക്കളും പണിച്ചെലവും 20 പേരടങ്ങുന്ന യൂണിറ്റുകൾക്ക് നൽകി എല്ലാ പഞ്ചായത്തുകളിലും ജൈവസമൃദ്ധി പദ്ധതി നടപ്പാക്കും. കഴിഞ്ഞ വർഷം നടപ്പാക്കിയതിൽ നിന്ന് 100 ഹെക്ടർ സ്ഥലത്തുകൂടി നെൽകൃഷി വ്യാപിപ്പിക്കുന്ന തരത്തിൽ കേദാരം പദ്ധതി വിപുലപ്പെടുത്തും. ഓരോ പഞ്ചായത്തും തരിശായി കിടക്കുന്ന ഒരു ഹെക്ടർ ഭൂമി കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.
വീടുകളെ ഹരിതഭവനമാക്കുന്ന പദ്ധതിയും സംയുക്ത രീതിയിൽ നടപ്പാക്കും. കൃഷി മൃഗസംരക്ഷണം ക്ഷീരവീകസനം. ജലവിഭവ സംരക്ഷണം, മാലിന്യസംസ്‌കരണം, ഊർജ്ജ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വീടുകളിൽ സംയോജിപ്പിക്കുന്ന പദ്ധതിയാണിത്. ക്ഷീരകർഷകർക്ക് ലീറ്ററൊന്നിന് നാലുരൂപ സബ്‌സിഡി ലഭ്യമാകുന്ന തരത്തിൽ ക്ഷീര സമൃദ്ധി പദ്ധതിയും, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രതിവർഷം 28500 രൂപ സ്‌കോളർഷിപ്പ് നൽകുന്ന സ്‌നേഹസ്പർശം പദ്ധതിയും അടുത്ത പദ്ധതി കാലത്ത് നടപ്പാക്കും. കൂടാതെ ജലശ്രീ പദ്ധതിയിൻ കീഴിൽ കിണർ റീ ചാർജ്ജിംഗ് ചെയ്യുന്ന പ്രവർത്തനങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുത്തും. ഇതിനോടകം ജില്ലയിൽ 1400 പുതിയ കുളങ്ങൾ നിർമ്മിച്ചതായും 1500 കിണറുകൾ റീ ചാർജ്ജ് ചെയ്തതായും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം വിലയിരുത്തി.

മാർച്ച് അഞ്ചിനകം പദ്ധതികൾ അംഗീകാരത്തിന് സമർപ്പിക്കണം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി രൂപരേഖ മാർച്ച് അഞ്ചിനകം അംഗീകാരത്തിനു സമർപ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയർമാൻ വി കെ മധു പറഞ്ഞു. ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഇതിന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ പദ്ധതി വിനിയോഗം 53.28 ശതമാനമാണെന്ന് സമിതി വിലയിരുത്തി. സംസ്ഥാനത്തെ മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഴാംസ്ഥാനത്താണ് ജില്ല. എന്നാൽ 66.5 ശതമാനം വിനിയോഗം പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളും 45.43 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച ജില്ലാ പഞ്ചായത്തും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണെന്നും യോഗത്തിൽ ചെയർമാൻ അറിയിച്ചു. ബ്ലോക്ക് പഞ്ചയത്ത് 60 ശതമാനം, കോർപ്പറേഷൻ 36.86 ശതമാനം, മുനിസിപ്പാലിറ്റി 50 ശതമാനം എന്നിങ്ങനെയാണ് മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത വിനിയോഗം.
ജില്ലാ പദ്ധതിയുടെ ചട്ടക്കൂടിനകത്ത് നിന്ന് വേണം പദ്ധതികൾക്ക് രൂപരേഖ നൽകേണ്ടത്. വിവിധ വകുപ്പു മേധാവികളും ഉദ്യോഗസ്ഥരും നന്നായി ഗവേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വികസനം വേണ്ട മേഖലകൾ ഇതിന്റെ അടിസ്ഥാനത്തിലാണ് നിർണയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വന്തമായി ഭവനം എന്ന ലക്ഷ്യം വച്ച് നടപ്പാക്കുന്ന ലൈഫ് മിഷന് 20 ശതമാനം പദ്ധതി വിഹിതം ഉറപ്പാക്കണം. പദ്ധതി നടപ്പാക്കുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ നിർമാണസാമഗ്രികൾക്ക് ഉണ്ടാവുന്ന വൻ ആവശ്യകത മുന്നിൽ കണ്ട് തൊഴിലുറപ്പിന്റെ സാധ്യത ഉപയോഗിച്ച് ഹോളോ ബ്‌ളോക്ക് നിർമാണ യൂണിറ്റുകൾ പോലുള്ളവ തുടങ്ങുന്നതിനുള്ള നടപടികൾ ഗ്രാമപഞ്ചായത്തുകൾ ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ജില്ലാ പ്‌ളാനിംഗ് ഓഫീസർ വി.എസ്. ബിജു, സമിതി അംഗങ്ങളായ സ്മിത, ജയലക്ഷ്മി, എ.ഡി സി. ജനറൽ പി.എസ്. നീലകണ്ഠ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.