എല്ലാവർക്കും ഭവനം, ഒരു തുണ്ടു ഭൂമി പോലും തരിശിടാതെ കൃഷി എന്നിവയ്ക്കു പുറമെ ആരോഗ്യം , വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യമേഖലകൾക്കും സാമൂഹ്യസേവന മേഖലകൾക്കും ഊന്നൽ നൽകികൊണ്ടുളളതാണ് ജില്ലാ പഞ്ചായത്തിന്റെ 2018-19 വർഷത്തെ ബഡ്ജറ്റ്. മൊത്തം 134.22കോടിയുടെ സമഗ്ര വികസനമാണ് ജില്ലാ പഞ്ചായത്തിന്റെ ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലൂടെ ലക്ഷ്യം വെക്കുന്നത്. കാർഷികമേഖലയും കുടിവെളളം, തുടങ്ങിയവ ഉൾപ്പെട്ട ഉത്പാദനമേഖലയ്ക്കായി 31.42 കോടിയും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഉൾപ്പെട്ട സേവനമേഖലയ്ക്കും റോഡ്,പാലം എന്നിവ ഉൾപ്പെട്ട അടിസ്ഥാന സൗകര്യവികസനങ്ങൾ ഉൾപ്പെട്ട പശ്ചാത്തല മേഖലയ്ക്കും 23.56 കോടി വീതവുമാണ് ബഡ്ജറ്റിൽ നീക്കിയിരിക്കുന്നത്. സർക്കാർ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയ്ക്കായി 20 കോടിയാണ് ബഡ്ജറ്റിൽ നീക്കിയിരിക്കുന്നത്. സമഗ്ര കോളനി വികസനം ഉൾപ്പെടെയുളള പട്ടികജാതി വികസന പദ്ധതികൾക്കായി 31.16 കോടിയും, പരമ്പരാഗത കാർഷികവികസനം ഉൾപ്പെടെയുളള പട്ടികവർഗവികസന പദ്ധതികൾക്കായി 38.59 കോടിയും, മറ്റ് വികസനപ്രവർത്തനങ്ങൾക്കായി 63.18 കോടിയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. റോഡ്-റോഡിതര വികസനപ്രവർത്തനങ്ങൾക്ക് 36.02 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ സ്ത്രീ-ബാലസൗഹാർദ്ദ ജില്ലയുടെ സ്വപ്നം സാക്ഷാത്കാരം മുന്നിൽ കണ്ടുളള പദ്ധതികൾക്കും ബഡ്ജറ്റിന്റെ പ്രഥമ പരിഗണനാ പട്ടികയിലുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ സുപ്രധാന ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ താഴെ കൊടുക്കുന്നു:-
സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായുളള ഹരിതകേരള മിഷൻ പദ്ധതിയിലുൾപ്പെടുത്തി വിദ്യാലയങ്ങളിൽ ജൈകൃഷി നടപ്പിലാക്കുന്നതിനും വിദ്യാർഥികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കും. 10 ലക്ഷം രൂപ വരെ ഇക്കാര്യത്തിന് നീക്കി വെക്കും. കാർഷിക മേഖലയിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനോടനുബന്ധിച്ച് ഉഴവു കൂലി കഴിഞ്ഞ വർഷത്തെ ഏഴു കോടിയിൽ നിന്ന് 15 കോടിയായി വർദ്ധിപ്പിക്കും. കുടുംബശ്രീ മുഖേനയും മറ്റു രീതിയിലും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും.
ഫാമുകളുടെ നവീകരണത്തിലൂടെ ഫാമുകളുടെ സാധ്യത പരമാവധി ഉപയോഗിക്കും. ടിഷ്യൂ കൾച്ചറിങ്, ഗ്രാഫ്റ്റിങ് ആൻഡ് ബഡിങ് തുടങ്ങിയവ കാര്യക്ഷമമായി ഫാമുകളിൽ നടപ്പാക്കും. കർഷകർക്ക് വിത്ത്, നേഴ്സറി തുടങ്ങിയവ ലഭ്യമാക്കുന്ന വിധം ഫാമുകൾ രൂപപ്പെടുത്തും. ഫാമുകളിൽ ജൈവ പച്ചക്കറി കൃഷി ചെയ്യാനുളള സാധ്യത പരിശോധിക്കും. ഈ വർഷം രണ്ടു കോടി രൂപ ഫാം നവീകരണ പദ്ധതികൾക്കായി നീക്കി വെയ്ക്കും. അത്യാധുനിക സ്ലോട്ടർ ഹൗസ് സ്ഥാപിക്കും.
കിടാരി വളർത്തൽ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനായി ഒരു കമ്പനി രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് ഷെയർ എന്ന നിലയിൽ ഒരു കോടി രൂപ നീക്കി വെക്കും
ഒരു മികച്ച ഡയറി ഫാം മൃഗസംരക്ഷണ വകുപ്പിൻറെ സഹായത്തോടെ സാധ്യമാക്കും.
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ, ഒരു ബ്ലോക്കിൽ കുടുംബശ്രീ യൂനിറ്റുകൾ മുഖേന ജൈവ വിതരണ കേന്ദ്രം.
പുഴയോരങ്ങൾ സംരക്ഷിക്കാൻ മുളവെച്ച് പിടിപ്പിക്കൽ, ഭൂവസ്ത്രം തുടങ്ങിയ പദ്ധതികൾ ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തികൊണ്ട് ജില്ലയിലാകെ നടപ്പിലാക്കും.*
ഭാരതപ്പുഴയുടെ പുനരുജ്ജീവന പദ്ധതികളുടെ പ്രഖ്യാപനം, മലിനീകരണം തടയുക നീർച്ചാലുകൾ ശുദ്ധീകരിക്കുക, തുടങ്ങിയവ നടത്തും.
അവശേഷിക്കുന്ന വിദ്യാലയങ്ങളിൽ ബയോഗ്യാസ് പ്ലാന്റ്
ജില്ലാ ആശുപത്രികളിലെ സാനിറ്റേഷൻ സൗകര്യം പുനരവലോകനം ചെയ്ത് നവീകരിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും.
എല്ലാ ബ്ലോക്കിലും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്ലാസ്റ്റിക് റീസൈക്ലിങ് സ്ഥാപിക്കും. വിദ്യാലയങ്ങൾ പ്ലാസ്റ്റിക് ശേഖരണത്തിന്റെ കേന്ദ്രമാക്കും. വിദ്യാർഥികളെ വൻതോതിൽ പങ്കാളികളാക്കും.
എല്ലാ വിദ്യാലയങ്ങളിലും വൃത്തിയുളള ശുചിമുറികൾ , വനിതാ സൗഹൃദ ടോയ്ലറ്റുകൾ, നാപ്കിൻ വെന്റിങ് മെഷീനും ഇൻസിനറേറ്ററിന്റേയും ലഭ്യത തുടങ്ങിയവയാണ് ഹരിതകേരളം മിഷൻ -കാർഷിക അനുബന്ധ പ്രവർത്തനങ്ങളായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലാ ആശുപത്രി സമ്പൂർണ നവീകരണം, വൃദ്ധർക്കു വേണ്ടിയുളള തിമിര രോഗ ചികിത്സാ കാംപുകൾ , ഓഫ്താൽമോളജി വിഭാഗവുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സ, എം.ആർ.ഐ സ്കാനിങ് യൂനിറ്റ് 10 ഡയാലിസിസ് യൂനിറ്റുകൾ എന്നിവ ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കാൻ ബാങ്ക് കൺസോർഷ്യം രൂപീകരിച്ച് സഹായം ആവശ്യപ്പെടും.
പരിശീലനങ്ങൾ, വൃദ്ധർക്കുളള ആയുർവേദ ചികിത്സാ പദ്ധതി ,കാംപുകൾ .
ചികിത്സാ വിദ്യാഭ്യാസ സഹായ ട്രസ്റ്റ് ,ഭിന്നശേഷി വിദ്യാർഥികൾക്ക് അർഹതപ്പെട്ട സ്കോളർഷിപ്പ് , ട്രൈസൈക്കിൾ ഉൾപ്പെടെയുളള സഹായ ഉപകരണങ്ങൾ നൽകാനുളള പദ്ധതി.ഒരു ബ്ലോക്കെങ്കിലും കേന്ദ്രീകരിച്ച് സ്നേഹവീട്, ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ കണ്ടെത്തിയുളള സഹായം പഠന വൈകല്യങ്ങളുളള കുട്ടികൾക്ക് പ്രത്യേക സഹായം നൽകി പരിഹരിക്കാനുളള ഇടപെടൽ , ജീവിത നൈപുണ്യ ഗ്യാസ് ക്രിമിറ്റോറിയങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങളും ബഡ്ജറ്റിലുണ്ട്.
സ്ത്രീ സൗഹൃദത ലക്ഷ്യമിട്ട് തൊഴിൽ പദ്ധതികൾക്ക് – സ്നേഹിത മുട്ട ഗ്രാമം പദ്ധതി നടപ്പാക്കും. എല്ലാ സ്ഥാപനങ്ങളിലും വനിതാ സൗഹൃദ ടോയ്ലറ്റുകൾ ഷോർട്ട് സ്റ്റേ ഹോമുകളും വനിതാ ട്രെയിനിങ് സെന്ററുകളും ഡബ്ളിയും ആൻഡ് സി ഹോസ്പിറ്റൽ നവീകരിക്കണം,അമ്മത്തൊട്ടിലും ശിശുപരിപാലന സംവിധാനവും , അംഗൻവാടി ട്രൈയിനിങ്ങ് സെന്ററിന്റെ നവീകരണം ,ഫാഷൻ ഡിസൈനിങ്ങ് സെന്ററുകൾ രൂപീകരിക്കണം തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. കൂടാതെ സൗരോർജ്ജ ഉത്പാദനവും ബഡ്ജറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന ബഡ്ജറ്റ് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ പി.കെ സുധാകരൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനുമോൾ തുടങ്ങിയവർ പങ്കെടുത്തു.