ദേശീയ പട്ടികവർഗ കമീഷൻ ചെയർമാൻ നന്ദകുമാർ സായും സംഘവും ആൾക്കൂട്ടമർദ്ധനമേറ്റ് മരിച്ച അട്ടപ്പാടി സ്വദേശി മധുവിന്റെ ചിണ്ടക്കി ഊരിലെ വീട് സന്ദർശിച്ചു. രാവിലെ ഒൻപതരയോടെ എത്തിയ ചെയർമാനും സംഘവും മധുവിന്റെ അമ്മയേയും സഹോദരിമാരേയും കണ്ട് സംസാരിച്ചു. ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ച അദ്ദേഹം അവരോട് സംസ്ഥാനസർക്കാറിന്റെ ധനസഹായം ലഭ്യമായോ എന്ന് ചോദിച്ചു. മൊത്തം ധനസഹായമായ പത്ത് ലക്ഷത്തിൽ നാലര ലക്ഷത്തിനടുത്ത് മധുവിന്റെ അമ്മയുടെ കൈയിൽ നൽകിട്ടുളളതായും ബാക്കിയുളള തുക ബാങ്ക് വഴി നൽകിയതിന്റെ രേഖകൾ ഉടൻ അവർക്ക് കൈമാറുമെന്നും ജില്ലാ കലക്ടർ ഡോ.പി.സുരേഷ് ബാബു കമീഷനെ അറിയിച്ചു. സ്വസമുദായമാണ് താനെന്നുളളത് കൊണ്ട് മനോവേദന മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ കമീഷൻ ചെയർമാൻ മധുവിന്റെ കുടുംബാംഗങ്ങൾക്ക് മുഴുവൻ സഹായങ്ങളും വാഗ്ദാനം ചെയ്തു. പ്രദേശത്തെ റോഡ് നിർമാണം പൂർത്തീകരണത്തിലും കുടിവെള്ള പ്രശ്നപരിഹാരത്തിലും നയപരവും സമയബന്ധിതവുമായ ഇടപെടൽ നടത്തണമെന്ന് കമീഷൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ടോയെന്ന ചെയർമാന്റെ ചോദ്യത്തിന് മധുവിന്റെ ഒരു പ്രതിമ സ്ഥാപിക്കണം എന്നായിരുന്നു അമ്മയുടെ ആവശ്യം. അതിനുള്ള നടപടികൾക്കും കമീഷൻ നിർദേശം നൽകി. എൻ.സി.എസ്.ടി സെക്രട്ടറി രാഘവ് ചന്ദ്ര, കമീഷനംഗം ഹർഷദ്ബായ് വാസവ, സീനിയർ ഇൻവെസ്റ്റിഗേറ്റർ ആർ.എസ് മിശ്ര, ജില്ലാ കലക്ടർ ഡോ.പി.സുരേഷ് ബാബു, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, ഒറ്റപ്പാലം സബ്കലക്റ്റർ ജെറോമിക് ജോർജ്ജ് തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു. ഏകദേശം അര മണിക്കൂറോളമാണ് കമീഷൻ സ്്ഥലത്ത് ചിലവഴിച്ചത്.