നാടിന്റെ വികസനത്തിന് വൈദ്യുതി അത്യന്താപേക്ഷിതമാണെന്നും അതിനാലാണ് വൈദ്യുതി മേഖലയ്ക്ക് നാട് വലിയ പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനർട്ടിന്റെ അക്ഷയ ഊർജ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ ജലസേചന പദ്ധതികൾ കേരളത്തിൽ പ്രായോഗികമല്ല. എന്നാൽ ചെറുകിട പദ്ധതികൾ സമയബന്ധിതമായി തീർക്കാനുമാവുന്നില്ല. ഈ സ്ഥിതി മാറണം. നമ്മുടെ പ്രവർത്തന സംസ്‌കാരം മാറിയെങ്കിൽ മാത്രമേ ഉദ്ദേശിച്ച ഫലം നേടാനാവൂ. സ്വന്തമായി കഴിയുന്നത്ര വൈദ്യുതി ഉത്പാദിക്കാനാവണം. വാങ്ങുന്ന വൈദ്യുതിയെ ആശ്രയിച്ച് തൃപ്തിപ്പെടാമെന്ന് കരുതുന്നത് ഗുണം ചെയ്യില്ല.
സംസ്ഥാനത്ത് പല കാര്യങ്ങളിലും വലിയ വർത്തമാനവും ചെറിയ തുടക്കവുമാണുള്ളത്. ഇത് കുറേക്കാലമായുള്ള ശീലമാണ്. ഉദ്ദേശ്യലക്ഷ്യങ്ങൾ കൃത്യമായി നേടാൻ സമയബന്ധിതമായ പരിപാടികൾ വേണം. ഇത്തരത്തിൽ മാത്രമേ കാര്യങ്ങൾ പൂർണതയിലെത്തിക്കാനാവൂ. സൗരോർജം, കാറ്റ് എന്നിവയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതകൾ എത്രത്തോളമുണ്ടെന്ന് പരിശോധിക്കണം. കൃത്യമായ കണക്കുകൾ ശേഖരിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കി പ്രവർത്തിക്കണം. വൈദ്യുതി രംഗത്ത് നാടിന്റെ ആവശ്യവുമായി തട്ടിച്ചു നോക്കിയാൽ കുറേക്കൂടി പുരോഗതി നേടേണ്ടതുണ്ട്. നിലവിലെ സ്ഥിതിയിൽ തൃപ്തിയോടെ നിൽക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൗരോർജ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി എം. എം മണി പറഞ്ഞു. കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. അക്ഷയ ഊർജ്ജ രംഗത്ത് മികച്ച സംഭാവന നൽകിയിട്ടുള്ള വ്യക്തികൾ, വ്യവസായ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, സംഘടനകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവാർഡ് നൽകിയത്.
സമഗ്ര സംഭാവനയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ അവാർഡ് ഡോ. ആർ.വി.ജി മേനോന് മുഖ്യമന്ത്രി നൽകി. മികച്ച വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡും അഹല്യ ആൾട്ടർനേറ്റ് എനർജി പ്രൈവറ്റ് ലിമിറ്റഡും നേടി. കൊച്ചി വണ്ടർലാ ഹോളിഡെയ്‌സ് ലിമിറ്റഡ്, പൂവാർ ഐലൻഡ് റിസോർട്ട് എന്നീ സ്ഥാപനങ്ങൾക്ക് മികച്ച വാണിജ്യ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കൈമാറി. മികച്ച അക്ഷയ ഊർജ്ജ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവാർഡ് ആലപ്പുഴ എസ്സ്.ഡി കോളേജും കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജും ഏറ്റുവാങ്ങി. കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമ പഞ്ചായത്തിന് മികച്ച അക്ഷയ ഊർജ്ജ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അവാർഡ് നൽകി.
പ്രോത്സാഹന സമ്മാനത്തിന് അർഹരായവർക്ക് മന്ത്രി എം. എം. മണി പ്രശസ്തി പത്രം നൽകി. കെ. മുരളീധരൻ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, കെ.എസ്.ഇ.ബി ചെയർമാൻ എൻ. എസ്. പിള്ള, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ, ഇ.എം.സി. ഡയറക്ടർ കെ.എം. ധരേശൻ ഉണ്ണിത്താൻ, അനെർട്ട് പ്രോഗ്രാം ഓഫീസർ സി.കെ. ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.