ലൈഫ്മിഷൻ പദ്ധതി പ്രകാരം മാർച്ച് 31നകം പരമാവധി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാകലക്ടർ ജി.ആർ. ഗോകുൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 3000 വീടുകളെങ്കിലും 31നകം പൂർത്തിയാക്കുക ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പുരോഗതി സംബന്ധിച്ച ഡാറ്റാഎൻട്രി ശനിയാഴ്ചക്കകം പൂർത്തിയാക്കണം. പട്ടികജാതി വർഗ്ഗ വികസന വകുപ്പുകളുടെ കീഴിൽ വരുന്ന പദ്ധതികളുടെ അവലോകനം അതത് ആഴ്ചകളിൽ നടത്തി എല്ലാ വെള്ളിയാഴ്ചയും കലക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശം നൽകി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് അംഗീകാരം നൽകുമെന്നും കലക്ടർ വ്യക്തമാക്കി. ലൈഫ്മിഷൻ നിർവ്വഹണ ഉദ്യോഗസ്ഥർ , പഞ്ചായത്ത്, ബ്ലോക്ക്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
