ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു
യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നൽകാൻ ‘വഴികാട്ടി’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ നിർവഹിച്ചു. ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റിന്റെയും ആർ.ബി.എസ്.കെ മൊബൈൽ ഹെൽത്ത് ടീമിന്റെയും ഫ്‌ളാഗ് ഓഫ് ചടങ്ങിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. അനന്തപുരി ആരോഗ്യ ജാഗ്രതാ കലണ്ടറിന്റെ പ്രകാശനം ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു.
എല്ലാ ജില്ലകളിലും വഴികാട്ടി ആരംഭിക്കുമെന്നും ഇതിനായി ഒൻപതുലക്ഷം രൂപവീതം അനുവദിച്ചതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോട്ടയം, തൃശൂർ, കൊല്ലം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ഉടൻ ഇത്തരം കേന്ദ്രം ആരംഭിക്കും. തുടർന്ന് മറ്റ് ജില്ലകളിലും തുടങ്ങും.
ദീർഘദൂര യാത്രക്കാർക്കും പ്രാദേശിക ജനങ്ങൾക്കും അടിയന്തരഘട്ടങ്ങളിൽ വഴികാട്ടി കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ പകടത്തിൽപ്പെടുന്നവർക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവർക്കും പ്രഥമശുശ്രൂഷ നൽകി ഉടനടി ആശുപത്രികളിൽ എത്തിച്ച് ജീവൻ രക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വഴികാട്ടി കേന്ദ്രങ്ങളിൽ മൂന്ന് ദിവസം ഡോക്ടർമാരുടെ സേവനമുണ്ടാകും. എല്ലാ പൊതുജനങ്ങൾക്കും പരിശോധനാസൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ദിവസങ്ങളിലും പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തരുടെ സേവനവുമുണ്ടാകും. യാത്രക്കിടെ കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ട്.
ജീവിതശൈലി രോഗങ്ങളുടെ തോത് അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്, പൾസ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവർത്തികമാക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും വഴികാട്ടി പ്രവർത്തിക്കുക.
കുട്ടികളിലെ വൈകല്യങ്ങൾ മുൻകൂട്ടി കണ്ടെത്താനും ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജീവിതസഹായം ലഭ്യമാക്കാനും അനുയാത്രാ മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റുകളിൽ പരിശീലനം ലഭിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്‌പെഷ്യൽ എജ്യൂക്കേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, ഡവലപ്‌മെൻറ് തെറാപിസ്റ്റ് എന്നിവരുണ്ട്.
ശലഭം ആർ.ബി.എസ്.കെ മൊബൈൽ ഹെൽത്ത് ടീം മുഖേന ജനനം മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ ജൻമനാലുണ്ടാകുന്ന വൈകല്യം, പോഷകാഹാര കുറവ്, വളർച്ചാ വൈകല്യം, മറ്റ് രോഗങ്ങൾ എന്നിവ സമയോചിതമായി കണ്ടെത്തി തുടർ ആരോഗ്യസേവനം ലക്ഷ്യമാക്കുകയാണ് പദ്ധതി.
ചടങ്ങിൽ വാർഡ് കൗൺസിലർ എം.വി. ജയലക്ഷ്മി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ജെ. സ്വപ്‌നകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത തുടങ്ങിയവർ സംബന്ധിച്ചു.