തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും വ്യവസായ പരിശീലന വകുപ്പും സംയുക്തമായി ”ഇന്ത്യ സ്‌കില്‍സ് കേരള 2018”’ എന്ന പേരില്‍ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ മത്സരം സംഘടിപ്പിക്കുമെന്ന് തൊഴില്‍, എക്‌സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നൈപുണ്യവികസനത്തിന്റെ പ്രാധാന്യം യുവാക്കളിലും പൊതുസമൂഹത്തിലും എത്തിക്കുക യാണ് മത്സരത്തിന്റെ ലക്ഷ്യം. ജില്ല, മേഖല, സംസ്ഥാനതലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് മത്സരം.
ജില്ലാതല പ്രാഥമിക മല്‍സരങ്ങള്‍ മാര്‍ച്ച് 15 മുതല്‍ 17വരെ അതത് ജില്ലകളില്‍ നടക്കും. മേഖലാമല്‍സരങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലായി തിരിച്ച് ഏപ്രില്‍ ഒന്‍പതു മുതല്‍ 13 വരെ നടക്കും. സംസ്ഥാനതല മല്‍സരം ഏപ്രില്‍ 28 മുതല്‍ 30 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും.
2019ല്‍ റഷ്യയിലെ കസാന്‍ നഗരത്തില്‍ നടക്കുന്ന ലോക നൈപുണ്യ മല്‍സരത്തിന്റെ മാതൃകയിലും അതേ മാനദണ്ഡത്തിലുമാണ് ഇന്ത്യ സ്‌കില്‍സ് കേരള 2018 മല്‍സരം നടക്കുക. വിജയികള്‍ക്ക് 2018 ജൂലൈയില്‍ നടക്കുന്ന ദേശീയ നൈപുണ്യ മല്‍സരമായ, ‘ഇന്ത്യ സ്‌കില്‍സ് 2018’ല്‍ പങ്കെടുക്കാം. ദേശീയ മല്‍സരത്തിലെ വിജയികളാണ് ലോകനൈപുണ്യ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുക.
ലോക നൈപുണ്യ മല്‍സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 20 മേഖലകളിലെ നൈപുണ്യശേഷിയാണ് ജില്ലാ, മേഖലാ, സംസ്ഥാന തലത്തില്‍ നടക്കുന്ന ഇന്ത്യ സ്‌കില്‍സ് കേരള 2018ല്‍ പരിശോധിക്കുന്നത്. സാങ്കേതിക യോഗ്യത നേടിയിട്ടുള്ളവര്‍ക്കും സ്വയം നൈപുണ്യം സ്വായത്തമാക്കിയിട്ടുള്ളവര്ക് കും മല്‍സരത്തില്‍ പങ്കെടുക്കാം.
കാര്‍പെന്ററി, പെയ്ന്റിങ് ആന്‍ഡ് ഡെക്കറേറ്റിങ്, പ്ലംബിങ് ആന്‍ഡ് ഹീറ്റിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്, വോള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിങ്, ഫാഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ഇന്‍ജിനീയറിങ്, കാഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, വെല്‍ഡിങ്, സിഎന്‍സി മില്ലിങ്, സിഎന്‍സി ടര്‍ണിങ്, ബേക്കറി, റസ്റ്ററന്റ് സര്‍വീസ്, ഓട്ടോമൊബീല്‍ ടെക്‌നോളജി, ഫ്‌ളോറിസ്ട്രി, ഗ്രാഫിക് ഡിസൈന്‍ ടെക്‌നോളജി, 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്, വെബ് ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ്, മൊബൈല്‍ റോബോട്ടിക്‌സ് എന്നിവയിലാണ് മല്‍സരം.
ജില്ലാതല മല്‍സരങ്ങളില്‍നിന്ന് ഓരോ നൈപുണ്യ മേഖലയിലും പത്തുപേരെ വീതം മേഖലാതല മല്‍സരങ്ങള്‍ക്കായി തിരഞ്ഞെടുക്കും. മേഖലാതല മല്‍സരത്തില്‍നിന്ന് രണ്ടുപേരെ വീതം ഓരോ നൈപുണ്യ മേഖലയിലെയും സംസ്ഥാനതല മല്‍സരത്തിനായി തിരഞ്ഞെടുക്കും. സി എന്‍ സി മില്ലിങ്, സി എന്‍ സി ടര്‍ണിങ്, മൊബൈല്‍ റോബോട്ടിക്‌സ്, ബേക്കറി, 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട് എന്നീ നൈപുണ്യ മേഖലകളില്‍ മേഖലാതലത്തില്‍ മാത്രമാണ് മല്‍സരം.
പ്രശസ്തിപത്രത്തിനും ട്രോഫിക്കും പുറമെ ഓരോ നൈപുണ്യ മേഖലയിലെയും സംസ്ഥാനതല വിജയിക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപ വീതവും സമ്മാനം ലഭിക്കും. സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്ക് പ്രോല്‍സാഹന സമ്മാനമായി 10,000 രൂപ വീതം നല്‍കും.
2018 ജനുവരി ഒന്നിന് 21 വയസ്സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൗരനായിരിക്കണം മല്‍സരാര്‍ഥികള്‍.
മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ www.indiaskillskerala.com എന്ന സൈറ്റ് വഴി മാര്‍ച്ച് ഏഴു വരെ റജിസ്റ്റര്‍ ചെയ്യാം. മല്‍സരം, റജിസ്‌ട്രേഷന്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്ക് indiaskillskerala2018@gmail. com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0471-2735949.
അവസരങ്ങള്‍ കണ്ടെത്താന്‍ അഭ്യസ്ത്യവിദ്യരെ പ്രാപ്തരാക്കാനും തൊഴില്‍മേഖലകളിലുള്ളവരുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നൈപുണ്യവികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തൊഴില്‍ നൈപുണ്യ മേഖലകളില്‍ കേരളം ദീര്‍ഘദര്‍ശനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സാങ്കേതിക-വൊക്കേഷനല്‍ മേഖലകളില്‍ അടിസ്ഥാന തലത്തില്‍തന്നെ പഠന-പരിശീലന അവസരങ്ങളുണ്ട്. ലക്ഷ്യബോധത്തോടെയുള്ള ഇത്തരം രീതികള്‍ യുവാക്കള്‍ക്ക് തൊഴില്‍ നേടാനും നാടിനെ അഭിവൃദ്ധിയിലേക്ക് ഉയര്‍ത്താനും സഹായിക്കും. വര്‍ഷം തോറും എഴുപതിനായിരത്തോളം കുട്ടികളാണ് കേരളത്തില്‍ വൊക്കേഷനല്‍ കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. അഞ്ഞൂറിലേറെ തൊഴില്‍പരിശീലന സ്ഥാപനങ്ങളുള്ള കേരളത്തില്‍ വ്യവസായ സ്ഥാപനങ്ങളുടെ കീഴിലും തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അവസരമുണ്ട്. ഇവയെല്ലാം കേരളത്തെ നൈപുണ്യശേഷി വികസനത്തില്‍ മുന്‍നിരയില്‍ നിര്‍ത്തുന്നതായി മന്ത്രി പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.