എറണാകുളം: ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററുകളായി മാറ്റുകയാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. കിടക്കയും കട്ടിലും കസേരയും ശുചി മുറിയുമെല്ലാമായി ആശുപത്രികൾക്കു സമാനമായ കേന്ദ്രങ്ങൾ. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ എൽ.എൽ.ടി.കേന്ദ്രങ്ങൾ ഒരുക്കുന്നതിൽ സജീവ സാന്നിധ്യമാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരായ സഹോദരിമാർ.

ഏത് പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമുള്ള കുടുംബശ്രീ മിഷനോട് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ (CFLTC) സജ്ജീകരണത്തിൽ സജീവ പങ്കു വഹിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം പ്രവർത്തകരുടെ മാതൃകാപരമായ സേവനമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചത്.

പലയിടങ്ങളിലും അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളാണ് എഫ്.എൽ.ടി.സി കൾക്കായി തിരഞ്ഞെടുത്തത്. മുറ്റത്തെ പുല്ല് കളയുന്ന ജോലി ഉൾപ്പടെ പ്രവർത്തകർ കൃത്യമായി നിറവേറ്റുന്നു. അഞ്ചോ ആറോ പേർ ചേർന്നാണ് കേന്ദ്രങ്ങളുടെ തറ വൃത്തിയാക്കുന്നത്. അഴുക്കുപിടിച്ച ചുമരുകളും തറകളും കഠിന പ്രയത്നത്തിലൂടെയാണ് പൂർണമായും വൃത്തിയാക്കി മാറ്റുന്നത്. അതോടൊപ്പം തറകളെല്ലാം അണുവിമുക്തമാക്കുകയും ചെയ്യും. അതിനു ശേഷമാണ് കട്ടിലും കിടക്കയും മറ്റുള്ളവയും സജ്ജീകരിക്കുന്നത്. ശൗചാലങ്ങളായി ബയോ ടോയ്ലറ്റുകളാണ് ഉപയോഗിക്കുന്നത്. ചിലയിടങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾ ചേർന്ന് പിരിവെടുത്ത് സാമ്പത്തിക സഹായവും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നുണ്ട്. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ സമൂഹ അടുക്കളകൾ ഒരുക്കി കുടുംബശ്രീ മാതൃകയായിരുന്നു.