വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ സ്‌കൂളുകളില്‍നിന്ന് സംഭരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ കലക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി വിജയവഴിയിലൂടെ ഒരു അധ്യയന വര്‍ഷം പിന്നിടുന്നു. പദ്ധതിയില്‍ മികച്ച പ്രകടനം നടത്തിയ സ്‌കൂളുകള്‍ക്ക് കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പി.കെ ശ്രീമതി എം.പി ഉപഹാരം വിതരണം ചെയ്തു. പങ്കാളികളായ 150 ഓളം സ്‌കൂളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. അക്ലിയത്ത് എല്‍.പി സ്‌കൂള്‍ അഴീക്കോട്, ചിന്‍മയ വിദ്യാലയ തളിപ്പറമ്പ്, എസ്.എന്‍ വിദ്യാമന്ദിര്‍ തളാപ്പ്, കടമ്പൂര്‍ ഹൈസ്‌കൂള്‍ എന്നിവയാണ് മികച്ച പ്രകടനം നടത്തി ആദ്യ നാല് സ്ഥാനങ്ങളിലെത്തിയത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ്, പ്രൊജക്ട് കോ ഓഡിനേറ്ററും ഡുവേഴ്‌സ് ക്ലബ് സി.ഇ.ഒയുമായ ടി.പി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ തുടങ്ങിയ പദ്ധതി കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഡൂവേഴ്‌സ് ക്ലബിന്റെ സാങ്കേതിക സഹകരണത്തോടെയാണ് യാഥാര്‍ഥ്യമാക്കിയത്. 2017 നവംബര്‍ നാലിന് എട്ട് സ്‌കൂളുകളില്‍നിന്ന് 400 കിലോ ഗ്രാം പ്ലാസ്റ്റിക് ശേഖരിച്ചുള്ള എളിയ തുടക്കത്തില്‍നിന്ന് 2018 മാര്‍ച്ചിലെത്തുമ്പോള്‍ 150 സ്‌കൂളുകളായി. 4,000 കിലോ ഗ്രാം പ്ലാസ്റ്റിക് ശേഖരിക്കാനുമായി.
വീടുകളില്‍നിന്ന് വൃത്തിയാക്കിയ പ്ലാസ്റ്റിക് വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തിച്ചാണ് തുടക്കം. സ്‌കൂളുകള്‍ ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ എണ്ണം തരംതിരിച്ച് വെബ് ആപ്ലിക്കേഷന്‍ വഴി അപ്‌ലോഡ് ചെയ്യുന്നു. കനം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പത്രക്കടലാസ് കെട്ടുകള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകം വലുത്, ചെറുത്, തടിച്ച കുപ്പികള്‍, ബക്കറ്റ്, ഷാമ്പൂ കുപ്പികള്‍ എന്നിങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക്കിനും മറ്റുമനുസരിച്ച് പോയിന്റ് നല്‍കും. പോയിന്റിനനുസരിച്ച് സ്‌കൂളുകള്‍ക്ക് ഫുട്ബാള്‍, ബാഡ്മിന്റണ്‍ തുടങ്ങിയവയുടെ കിറ്റുകള്‍ ലഭിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കുക, തരംതിരിക്കുക, ശേഖരിക്കുക, പുനരുപയോഗിക്കുക എന്നിങ്ങനെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന്റെ വിലയേറിയ സന്ദേശങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.
സ്‌കൂളുകളില്‍നിന്ന് ഡുവേഴ്‌സ് ക്ലബിന്റെ സഹകരണത്തോടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനികളിലെത്തിക്കുന്നു. ഇവ നൂറ് ശതമാനവും പുനരുപയോഗത്തിന് സാധ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്ന പാലയാട് പ്രീമിയര്‍ പ്ലാസ്റ്റിക്, കണ്ണൂരിലെ സ്റ്റാര്‍ ഏജന്‍സിയെ എന്നിവക്ക് എം.പി ഉപഹാരം നല്‍കി.
അടുത്ത അധ്യയന വര്‍ഷം മുഴുവന്‍ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളാണ് പദ്ധതിയുമായി ഏറ്റവും കൂടുതല്‍ സഹകരിച്ചതെന്ന് പ്രൊജക്ട് കോ ഓഡിനേര്‍ ടി.പി ഗോപകുമാര്‍ പറഞ്ഞു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.collectorsatschool.org/ എന്ന വെബ്‌സൈറ്റ് കാണുക.