പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

പൈലറ്റ് അടക്കം ചിലർ മരണമടഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭ്യമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.

ഐ ജി അശോക് യാദവിന്റെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും
രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു.

 

വിമാനാപകടം: ചികിത്സയ്ക്കായി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അടിയന്തരമായി സംഭവ സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളിലെ 108 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

 

കരിപ്പൂര്‍ അപകടം: വിമാനത്തില്‍ 190 യാത്രക്കാര്‍

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട  എയര്‍ ഇന്ത്യ എക്‌സ്പ്രസ് (IX1344) വിമാനത്തിലെ  190 പേരെയും മലപ്പുറം,കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുള്‍പ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 174 മുതിര്‍ന്നവരും 10 കുട്ടികളും  ആറ് ജീവനക്കാരുമാണ്.ഇതില്‍  17 പേരോളം മരിച്ചതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്ന്  ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ദുബായിയില്‍ നിന്ന്   അവിടത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്നത്.

എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയതിനെത്തുsര്‍ന്നുള്ള അപകടവുമായി ബന്ധപ്പെട്ട  വിവരങ്ങള്‍ക്ക്     0483 2719493, 2719321, 2719318, 2713020, 8330052468 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  അപകടം. യു.എ.ഇ ഹെല്‍പ്പ്ലൈന്‍ നമ്പര്‍

ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.