ആദിവാസി കോളനികളിലും കുട്ടികളിലും ലഹരി മുക്ത സന്ദേശം നല്‍കി വാരാമ്പറ്റ ഗവ.ഹൈസ്‌കൂളില്‍ നടന്ന ദ്വിദിന തുടിതാളം ഗോത്രസംഗമം സമാപിച്ചു. ബാണാസുരമലയിലെ വാളാരംകുന്ന് കോളനി,നരിപ്പാറ കോളനി, കാപ്പിക്കളം കോളനി, ചീരപ്പൊയില്‍ കോളനി, കൊച്ചാറ കോളനി എന്നിവടങ്ങളില്‍ നിന്നായി നൂറ്റിയറുപതോളം ഗോത്ര വിദ്യാര്‍ത്ഥികളും അവരുടെ കോളനികളിലെ രക്ഷിതാക്കളുടെതടക്കമുള്ള ഇരുന്നൂറോളം പേരുമാണ് ഗോത്രസഹവാസ ക്യാമ്പില്‍ പങ്കെടുത്തത്. ആദിവാസി വിഭാഗങ്ങളില്‍ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍ അനിയന്ത്രിതമായി ലഹരി ഉപയോഗവും രോഗവും കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തലമുറകളെ ഇതില്‍ നിന്നെല്ലാം പിന്തിരിപ്പിക്കാന്‍ സ്‌കൂളിലെ അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് തുടിതാളം എന്ന സഹവാസ ക്യാമ്പിന് മുന്നിട്ടിറങ്ങിയത്. എസ്.എസ്. എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.എന്‍.ബാബുരാജ് സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം പി.സി.മൊയ്തു ഗോത്രമൂപ്പന്‍മാരെ ആദരിച്ചു. വിവിധ ഗോത്ര വിഭാഗങ്ങളുടെ തുയിലിണര്‍ത്ത് അരങ്ങേറി . പ്രധാനാദ്ധ്യാപകന്‍ എ.എസ്.ഷെറൂള്‍,ഇമ്മാനുവല്‍ ജോസഫ്,പി.ഒ.നാസര്‍, കമലാ ദേവി,കെ.സുഹറ എന്നിവര്‍ സംസാരിച്ചു. ഏച്ചോം തുടിയിലെ രാജേഷ്,്അജയ് പനമരം,ബി.ആര്‍.സിയിലെ കെ.റെജി, കെ. ജോസഫ്, മുഹമ്മദ് ബഷീര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്ത്വം നല്‍കി. പ്രകാശന്‍ പേരാമ്പ്ര ചൊല്‍ക്കാഴ്ച അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി മെഡിറ്റേഷന്‍ ക്യാമ്പും നടത്തി.