സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി സുസ്ഥിര ഉപജീവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്ത 14 ബ്ലോക്കുകളില്‍ ജില്ലയില്‍ നിന്നും പുളിക്കീഴ് ബ്ലോക്ക്.
സംസ്ഥാന  സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേന എസ്.വി.ഇ.പി പദ്ധതിയുടെ മാതൃയില്‍ ആണ് 5.5 കോടിരൂപയോളം ചെലവഴിച്ച് ‘സംരംഭകവികസന പദ്ധതി’ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നത്.
എസ്.വി.ഇ.പി പദ്ധതി പ്രകാരം ഒരു ബ്ലോക്ക് പ്രദേശത്ത് സുസ്ഥിരമായ വരുമാനദായക സംരംഭങ്ങള്‍(വ്യക്തി/ഗ്രൂപ്പ്)ആരംഭിക്കുക എന്നതാണ് ലക്ഷ്യം.  കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണു പദ്ധതിയിലൂടെ സ്വന്തമായി ഒരു ഉപജീവന മാര്‍ഗം ആരംഭിക്കുവാന്‍ സാധ്യമാകുന്നത്.
സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും വിജയകരമായി നടത്തുവാനും ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ പരിശീലനങ്ങള്‍, ശേഷിവികസനം, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വായ്പാ/ധനസഹായങ്ങള്‍, സാങ്കേതിക പിന്തുണകള്‍ എന്നിവ എസ്.വി.ഇ.പി മുഖേന ലഭ്യമാകുന്നു.
ആരംഭിക്കുന്ന സംരംഭത്തിന്റെ പദ്ധതി തുകയ്ക്ക് അനുസൃതമായി വ്യക്തിഗത സംരംഭങ്ങള്‍ക്ക് പരമാവധി 50,000 രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി 10,0000 വായ്പയായി നല്‍കും. നിലവില്‍ എസ്.വി.ഇ.പി നടപ്പിലാക്കുന്ന ബ്ലോക്കുകളില്‍ പദ്ധതിക്ക് നല്ല സ്വീകാര്യതയാണു ലഭ്യമാകുന്നത്.
ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൂക്ഷമസംരംഭ ഉപസമിതി കണ്‍വീനര്‍ എന്നിവര്‍ ചേര്‍ന്നു രൂപീകരിക്കുന്ന കമ്മിറ്റിയാണു പദ്ധതി നടപ്പിലാക്കുന്നതും ഉപജീവന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നത്.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി(എസ്.വി.ഇ.പി) 2017/2018 മുതല്‍ കേരളത്തിലെ 14 ബ്ലോക്കുകളില്‍ നടപ്പിലാക്കിവരുന്നു.
പത്തനംതിട്ട ജില്ലയില്‍ 2017 ജൂലൈ 16ന് അന്നത്തെ സംസ്ഥാന ജലവിഭവവകുപ്പ്മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയില്‍ ഡാന്‍സ് സ്‌കൂള്‍, മാലിന്യ സംസ്‌കരണ നിര്‍മ്മാണ യൂണിറ്റ്, ഓര്‍ക്കിഡ് ഫ്ലവര്‍യൂണിറ്റ്, ലേഡീസ്ഡ്രൈവിംഗ് സ്‌കൂള്‍, ഡ്രൈ ക്ലീനിങ് യൂണിറ്റ്, ബോര്‍മ യൂണിറ്റ്, കരകൗശല നിര്‍മ്മാണ യൂണിറ്റ്, എല്‍.ഇ.ഡി ലൈറ്റ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങി നിരവധി നവീന സംരംഭങ്ങള്‍ അടക്കം 1359 സംരംഭങ്ങള്‍ ഈ കാലയളവില്‍ പറക്കോട് ബ്ലോക്കില്‍ ആരംഭിക്കുന്നതു പിന്തുണസഹായം നല്കാന്‍ സാധിച്ചു.
ഫീല്‍ഡ്സര്‍വേയുടെ അടിസ്ഥാനത്തില്‍ ഡീറ്റൈല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് എത്ര സംരംഭങ്ങള്‍ക്കു സാധ്യത ഉണ്ടെന്നു മനസിലാക്കി ടാര്‍ഗറ്റ് ക്രമീകരിക്കുന്നത്. സംരംഭകവികസന പദ്ധതി പ്രധാനമായും ദരിദ്രരുടെ ഉപജീവന മേഖലയിലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുന്നത്.