ജൽജീവൻ മിഷൻ പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്കുള്ള പഞ്ചായത്ത്, ഗുണഭോക്തൃ വിഹിതം ആവശ്യമെങ്കിൽ എംഎൽഎ ഫണ്ടിൽനിന്നും ലഭ്യമാക്കുന്നതിന് സർക്കാർ അനുമതി നൽകി. ഇത് സംബന്ധിച്ച്  ജി.ഒ.(സാധാ.)നമ്പർ 4584/2020/ധന ഉത്തരവ് ധനകാര്യവകുപ്പ് പുറപ്പെടുവിച്ചു. നടപ്പ് സാമ്പത്തികവർഷം 880 കോടി രൂപയാണ് ചെലവഴിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളത്.

ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതങ്ങൾക്ക് പുറമേ 15 ശതമാനം ഫണ്ട് പഞ്ചായത്ത് വിഹിതമായും 10 ശതമാനം ഫണ്ട് ഗുണഭോക്തൃ വിഹിതമായും കണ്ടെത്തണമെന്നാണ് ജൽജീവൻ മിഷൻ മാർഗരേഖയിൽ നിർദ്ദേശിക്കുന്നത്. എന്നാൽ ഈ വിഹിതം പല പഞ്ചായത്തുകൾക്കും സമാഹരിക്കാൻ കഴിയാതെ വരുന്ന സാഹചര്യം നിലവിലുണ്ട്.

ഈ കാലയളവിൽ മാത്രം 791 പഞ്ചായത്തുകളിലായി 21 ലക്ഷം ഗ്രാമീണ കുടുംമ്പങ്ങളിലാണ് കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാക്കേണ്ടത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഈ സാഹചര്യം വെല്ലുവിളിയായി മാറി. ഇതു കണക്കിലെടുത്ത് എംഎൽഎമാരുടെ ആസ്തിവികസന ഫണ്ടിൽനിന്നും തുക ലഭ്യമാക്കുന്നതിന് അനുമതി നൽകണമെന്ന് ഭരണവകുപ്പ് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഗ്രാമീണ മേഖലയിലെ 52 ലക്ഷം കുടുംബങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്നതിനുള്ള ജൽജീവൻ മിഷൻ കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. അടുത്ത നൂറു ദിവസങ്ങൾക്കുള്ളിൽ ഒന്നരലക്ഷം ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടികൾ അതിവേഗം പൂർത്തിയായി വരുകയാണ്. സാമ്പത്തിക തടസം നീങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തു തലത്തിൽ പദ്ധതിനിർവഹണം വേഗത്തിലാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുമായി യോഗം നടത്തി സംയുക്ത തീരുമാനം കൈക്കൊള്ളുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

ഇതിനകം സാങ്കേതിക അനുമതി ലഭിച്ച പദ്ധതികൾ ഉടൻതന്നെ ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പദ്ധതികളുടെ നിർവഹണ മേൽനോട്ടത്തിന് പഞ്ചായത്ത് പ്രസിഡന്റുമാർ അധ്യക്ഷാരായി പഞ്ചായത്തു തല മേൽനോട്ട സമിതി രൂപീകരിച്ചു വരുന്നു. 791 പഞ്ചായത്തുകൾക്കാണ് ജലജീവൻ പദ്ധതി നിർവഹണത്തിനായി വാട്ടർ അതോറിറ്റി വിശദ എൻജിനീയറിങ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇതിൽ 724 പഞ്ചായത്തുകൾ പദ്ധതി നടപ്പിലാക്കാൻ പ്രമേയം പാസാക്കി.

ബാക്കിയുള്ള 67 പഞ്ചായത്തുകളെക്കൂടി പദ്ധതിക്കു കീഴിൽ കൊണ്ടുവരാൻ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭാരവാഹികൾക്ക് മാർഗനിർദേശക ക്ലാസ് നടത്തിയിരുന്നു. 2020-21ലേക്ക് തയ്യാറാക്കിയ പദ്ധതി പ്രകാരം 586 വില്ലേജുകളിലെയും 380 പഞ്ചായത്തുകളിലെയും 23 ബ്ലോക്ക് പഞ്ചായത്തുകളിലെയും 100 ശതമാനം ഭവനങ്ങൾക്കും കുടിവെള്ള കണക്ഷൻനൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതി നിർവഹണത്തിനായി പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികൾ ഊർജിതമായ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.