കോട്ടയം ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ 2018 ലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള 8.11 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.  റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ  ഭാഗമായാണ്   പദ്ധതി നടപ്പാക്കുന്നത്.
മൃഗപരിപാലനത്തിലൂടെ വരുമാനം കണ്ടെത്തിയിരുന്നവര്‍ക്ക്   പ്രളയക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളാണ് നേരിട്ടത്. ഇവര്‍ക്ക്  പുതിയ  ഉപജീവനോപാധികള്‍ ലഭ്യമാക്കുന്നതിനുള്ള പത്ത് മാര്‍ഗങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   അഞ്ഞൂറു പശുവളര്‍ത്തല്‍ യൂണിറ്റുകള്‍ക്കും 250 കിടാരി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്കും 400 തൊഴുത്തുകളുടെ നിര്‍മാണത്തിനും പണം അനുവദിക്കും.
കാലി തീറ്റ സബ്‌സിഡി-900 യൂണിറ്റ്, ആധുനികവത്ക്കരണ യൂണിറ്റുകള്‍-15, തീറ്റ പുല്‍കൃഷി-300 ഹെക്ടറില്‍,   ആടു വളര്‍ത്തല്‍ യൂണിറ്റുകള്‍-150,  കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍-2000, പന്നിവളര്‍ത്തല്‍ യൂണിറ്റുകള്‍-40 , താറാവു വളര്‍ത്തല്‍ യൂണിറ്റുകള്‍-1500,  കന്നുകുട്ടി യൂണിറ്റുകള്‍-550  എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഓരോ മേഖലയിലും  വകയിരുത്തിയിട്ടുള്ള  തുക  ചുവടെ
പശുവളര്‍ത്തല്‍ – 3.60 കോടി, കിടാരി വളര്‍ത്തല്‍ – 37.50 ലക്ഷം,  തൊഴുത്ത് നിര്‍മ്മാണം – ഒരു കോടി, കാലിത്തീറ്റ സബ്‌സിഡി – 54.14 ലക്ഷം, ആധുനികവത്ക്കരണം – 15 ലക്ഷം, തീറ്റപ്പുല്‍കൃഷി – 90 ലക്ഷം, ആടു വളര്‍ത്തല്‍ – 37.50 ലക്ഷം, കോഴി വളര്‍ത്തല്‍ -10 ലക്ഷം, പന്നിവളര്‍ത്തല്‍- 20 ലക്ഷം, താറാവു വളര്‍ത്തല്‍ – 18.14 ലക്ഷം, കന്നുകുട്ടി പരിപാലനം -68.75 ലക്ഷം.
എല്ലാ മേഖലകളിലുമായി  6405 പേര്‍ക്കാണ് പ്രയോജനം ലഭിക്കുക.
പ്രളയത്തില്‍ കന്നുകാലികള്‍, ആട്, കോഴി, താറാവ്, തൊഴുത്ത് എന്നിവ നഷ്ടപ്പെട്ടവരെയും റവന്യു, മൃഗ സംരക്ഷണ വകുപ്പുകള്‍ മുഖേന സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്ന്  നഷ്ടപരിഹാരം ലഭിച്ചവരെയുമാണ് പരിഗണിക്കുന്നത്. ഇവരുടെ അഭാവത്തില്‍ മാത്രമാണ്  മറ്റുള്ളവരെ പരിഗണിക്കുക. അതത് മൃഗാശുപത്രികളിലാണ് അപേക്ഷ നല്‍കേണ്ടത്.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അപേക്ഷകള്‍ ആഗസ്റ്റ് 27 വരെ സ്വീകരിക്കുന്നതാണെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.