ഇടുക്കി ജില്ലയിൽ വാതിൽപ്പടി റേഷൻ വിതരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി ഫർക്കയിലെ 33 റേഷൻകടകൾക്കുള്ള ഇ-പോസ് (പോയിന്റ് ഓഫ് സെയിൽസ്) മെഷീനുകളുടെ വിതരണം കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാകലക്ടർ ജി.ആർ. ഗോകുൽ നിർവഹിച്ചു. ഇതോടനുബന്ധിച്ച് റേഷൻ ലൈസൻസികൾക്കും സെയിൽസ്മാൻമാർക്കുമുള്ള പരിശീലനവും കലക്ടർ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക സുരക്ഷാപദ്ധതിയായ റേഷൻ വിതരണ രംഗത്തെ അനഭിലഷണീയ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ റേഷൻ വിതരണം അർഹരായവരിലേക്ക് ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ നൽകി വിതരണരീതി പരിഷ്‌ക്കരിക്കുമ്പോൾ മാറ്റമുണ്ടാകുമെന്ന് കലക്ടർ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ജില്ലയിലെ മറ്റു താലൂക്കുകളിൽ ഇ-പോസ് മെഷീനുകൾ ലഭ്യമാക്കുമെന്ന് കലക്ടർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസർ പി.എ. കോയാൻ, വിവിധ താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷൻ ലൈസൻസികൾ തുടങ്ങിയവർ പങ്കെടുത്തു. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌കൂൾ കൺസ്യൂമർ ഫെസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ കലക്ടർ വിതരണം ചെയ്തു.