അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതി വിപുലീകരണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ ഡാമുകളിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്കായി മലമ്പുഴ അണക്കെട്ടിലെ ചെളി നീക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം എട്ട് ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഒരു വര്‍ഷത്തിനകം 20 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍,  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതി വിപുലീകരണ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു.

പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച കല്‍മണ്ഡപം മേഖലയിലേയ്ക്കുള്ള 16 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണി, 450 എം.എം വ്യാസമുള്ള ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍, വിതരണ ശൃംഖല, മാട്ടുമന്ത മേഖലയിലേയ്ക്കുള്ള 600 എം.എം വ്യാസമുള്ള ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍, മൂത്താന്തറ മേഖലയിലേയ്ക്കുള്ള 600 എം.എം വ്യാസമുള്ള ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനമാണ് നിര്‍വഹിച്ചത്.

കല്‍മണ്ഡപം വാട്ടര്‍ അതോറിറ്റി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ  അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി. കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്‍. ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പറും ജില്ലാ പഞ്ചായത്ത് അംഗവുമായ വി. മുരുകദാസ്, നഗരസഭാ സ്ഥിരംസമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു .