ബൈപ്പാസിന്റെ ഇരുവശവും വൃത്തിയാക്കി

മനോഹരമാക്കാന്‍ നിര്‍ദ്ദേശം

ഒക്ടോബറില്‍ തുറന്നു നല്‍കും

ആലപ്പുഴ: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുുഴ ബൈപ്പാസിന്റെ അവസാനത്തെതും 92മത്തെതുമായ സ്പാനിന്റെ കോണ്‍ക്രീറ്റിങ് വെള്ളിയാഴ്ച പൂര്‍ത്തിയാകും. ബൈപ്പാസിന്റെ അവസാനവട്ട പണികളുടെ പുരോഗതി വിലയിരുത്തുന്നതിന് കുതിരപ്പന്തിയിലെത്തിയശേഷം സംസാരിക്കവേയാണ് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ ഇക്കാര്യം അറിയിച്ചത്.

അവസാന സ്പാനിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ മന്ത്രി നേരിട്ടുകണ്ടു. അവസാന സ്പാനിന്റെ കോണ്‍ക്രീറ്റിങ്ങും പൂര്‍ത്തിയാവുന്നതോടെ ബൈപ്പാസിന്റെ പ്രധാന ഭാഗങ്ങളുടെയെല്ലാം നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

അവസാന സ്പാനും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ 10 ദിവസത്തിനകം അത്യാധുനിക സാങ്കേതിക വിദ്യയില്‍ ബിറ്റുമിന്‍ ടാറിങ് ആണ് തുടങ്ങുക. ടാറിങ്ങിന് മുന്നോടിയായി പാലത്തിന്റെ ഉപരിതലത്തില്‍ ഒരു പാളി (മാസ്റ്റിക് അസ്താള്‍) നിര്‍മിക്കും. അതിന് മുകളിലാണ് ടാറിങ് നടക്കുക. ഇതിന്റെ പണികള്‍ക്കായി 30 വിദഗ്ധ തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്.

അവര്‍ രണ്ടു ഷിഫ്ടുകളിലായി ജോലി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ടാറിങ് ഉള്‍പ്പടെയുള്ള എല്ലാ ജോലികള്‍ക്കും കൂടി ഏതാണ്ട് ഒരു മാസം മതിയാകും. സെപ്റ്റംബർ 30 ഓടുകൂടി പണികൾ പൂർണമായി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഒക്ടോബറിൽ ബൈപ്പാസ് തുറന്നുകൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ചെറിയ ഒരു ഭാഗത്തെ നിർമ്മാണം കൂടി പൂർത്തിയായിക്കഴിഞ്ഞാൽ അപ്രോച്ച് റോഡ് നിർമ്മാണം അവസാനിക്കും. ബൈപ്പാസിന്റെ ഇരുവശവും മനോഹരമാക്കുന്ന ജോലി വരും ദിവസങ്ങളി‍ല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബൈപ്പാസിന് ഇരുവശവും റോഡ് നിര്‍മിക്കാനും പറ്റാത്തിടത്ത് പുല്ലും കാടും വെട്ടി വൃത്തിയാക്കാനും പറഞ്ഞിട്ടുണ്ട്. ചെറിയ പണിയാണിത്. എങ്കിലും അത് ദേശീയപാത അതോറിട്ടി ചെയ്യില്ല. അതിനാല്‍ പ്രത്യേകം പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് എടുക്കും. അതിനുള്ള പണവും പൊതുമരാമത്ത് വകുപ്പ് നല്‍കും.

2014 മെയിൽ ഈ സര്‍ക്കാര്‍ വന്നതിനുശേഷം 92 സ്പാനുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ഇത് ചരിത്രമാണ്. 15 ശതമാനത്തില്‍ നിന്നാണ് ഇതുവരെ എത്തിച്ചത്. സെപ്റ്റംബര്‍ 30 ഓടെ 100% പണികളും പൂർത്തിയാക്കാവുന്ന വിധത്തിലാണ് അവസാന വട്ട ജോലികല്‍ പുരോഗമിക്കുന്നത്. കടൽത്തീരത്തു കൂടി ഇത്രയും ദൂരത്തില്‍ പോകുന്ന ബൈപാസ് ആയതിനാൽ അതിൻറെ ഭംഗി കൂടി പിഡബ്ല്യുഡി പരിഗണിക്കുന്നു. ദേശീയ പാതാ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ആര്‍. അനില്‍കുമാര്‍, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായി.

ബൈപ്പാസിലെ താഴെയുള്ള ഭാഗം വ്യാപാരസ്ഥാപനങ്ങൾ അനുവദിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. നിയമപരമായ പ്രശ്നങ്ങൾ കൂടി ഇതില്‍ വരും. ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ബൈപ്പാസിന്റെ താഴെ ഭാഗം വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക വിരുദ്ധരുടെ താവളമായി ഇവിടം മാറിയാല്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകും.

കൊമ്മാടി, കളർകോഡ് ജംഗ്ഷനുകളുടെ വികസനം ഡിപിആറില്‍ ഉണ്ടായിരുന്നില്ല. അതിനായി നാലു കോടി രൂപ സംസ്ഥാന സർക്കാർ മുടക്കി ജംഗ്ഷനുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ജോലികൾ വേഗത്തില്‍ പുരോഗമിക്കുന്നു. കളർകോട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ തെക്കോട്ട് കൂടുതലായി വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബൈപ്പാസ് പൂര്‍ത്തിയാകുന്നതിന് പിന്നില്‍ എഞ്ചിനീയർ മാരുടെയും തൊഴിലാളികളുടെയും കോൺട്രാക്ടറുടെയും മന്ത്രിയുടെ കഠിനാധ്വാനം ഉണ്ടെന്നത് തിരിച്ചറിയാതെയാണ് ഒരു വിഭാഗം ഇപ്പോഴും ബൈപ്പാസ് എന്ന് പറഞ്ഞ് അക്ഷേപവുമായി നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ഇതുപോലുള്ള നിരവധി ജോലികളാണ് ഒരേ സമയം പൂര്‍ത്തിയാക്കുന്നത്. കുണ്ടന്നൂർ, വൈറ്റില ബൈപാസുകള്‍ ഇതുപോലെതന്നെ ഒക്ടോബറിൽ തുറന്നു കൊടുക്കാൻ ഉദ്ദേശിക്കുന്നു.

നാഷണൽ ഹൈവേ നാലുവരി ആക്കുന്ന ജോലികൾ കാസർകോട് നിന്ന് ആരംഭിച്ചു. നാല് റീച്ചുകള്‍ പൂർത്തിയായിക്കഴിഞ്ഞതായും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. കേന്ദ്ര ഗവൺമെന്റുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. നാഷണൽ ഹൈവേ അവരുടേതാണെങ്കിലും ആലപ്പുഴ ബൈപ്പാസിന്റെ പകുതി പണം സംസ്ഥാന സർക്കാരാണ് കണ്ടെത്തി നൽകിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ആകാവുന്ന മുഴുവൻ സഹായവും ചെയ്തു.കോഴിക്കോട് ബൈപ്പാസ് 1800 കോടി രൂപയ്ക്ക് ടെൻഡർ നടപടികളായെന്നും മന്ത്രി അറിയിച്ചു.