കേരളത്തിലെ വൈജ്ഞാനിക പുസ്തകപ്രസിദ്ധീകരണരംഗത്തെ പ്രമുഖ സ്ഥാപനമായ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പുസ്തകശാല അക്ഷരനഗരിയായ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ്മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി പുസ്തകശാല ഉദ്ഘാടനം ചെയ്തു.  ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ ഭരണഘടന അടിത്തറയും ആരൂഢവും എന്ന പുസ്തകം ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.കെ.ആര്‍.ചന്ദ്രമോഹന് നല്‍കി ആദ്യ വില്‍പ്പന മന്ത്രി  നിര്‍വഹിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ പ്രൊഫ.ഷിബു ശ്രീധര്‍ നന്ദി പറഞ്ഞു. മന്ത്രി എ.കെ.ബാലന്‍,  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം എന്നീ ഫേസ്ബുക് പേജിലും യൂറ്റ്യൂബിലും ഉദ്ഘാടന പരിപാടി കാണാവുന്നതാണ്.  കോട്ടയത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന പുസ്തകശാലയുടെ പ്രവര്‍ത്തന സമയം രാവിലെ 10മുതല്‍  വൈകുന്നേരം 6  മണി വരെയാണ്. ഫോണ്‍- 9633022959.

1968 ല്‍ സ്ഥാപിതമായതു മുതല്‍ ശാസ്ത്രം, സാങ്കേതികശാസ്ത്രം, മാനവിക വിഷയങ്ങള്‍, ഭാഷാ, സാഹിത്യം എന്നീ മേഖലകളിലായി 5000 ത്തോളം   പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും പൊതുവായനയ്ക്കും വേണ്ടി മികച്ച പുസ്തകങ്ങള്‍ തയാറാക്കിക്കൊണ്ട്  കേരളത്തിലെ അക്കാദമിക-ബൗദ്ധിക മേഖലകളിലെ സജീവസാന്നിധ്യമായിത്തീര്‍ന്നു. ഓരോ വിഷയത്തിലും ഉള്ള പുസ്തകങ്ങളുടെ എണ്ണവും വൈവിധ്യവും, സമകാലിക വിഷയങ്ങളിലെ നിരവധി പുസ്തകങ്ങള്‍ എന്നിവയെല്ലാം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മറ്റു പ്രസിദ്ധീകരണശാലകളില്‍ നിന്ന് വേറിട്ടു നിർത്തുന്നു.

ശബ്ദാവലികള്‍, പദകോശം, നിഘണ്ടു, കൃഷി, ആരോഗ്യം, ഉപനിഷത്തുകള്‍, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, ജീവചരിത്രങ്ങള്‍, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എഞ്ചിനിയറിംഗ്, ഗണിതം, സംഗീതം, ആദ്ധ്യാത്മികം, പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, ഭാഷാസാഹിത്യം, കലകള്‍, ഫോക്‌ലോര്‍, നാടകം, സംഗീതം, സിനിമ, സാമൂഹികശാസ്ത്രം, പരിസ്ഥിതി, സഹകരണം, ടൂറിസം, വിദ്യാഭ്യാസം, ആയുര്‍വേദം, പ്രകൃതിചികിത്സ, ഇന്‍ഫര്‍മേഷന്‍ ടെക്‌നേളജി,  നരവംശശാസ്ത്രം, മാനേജ്‌മെന്റ്, ജേര്‍ണലിസം, നിയമം, സ്‌പോര്‍ട്‌സ്, ഗെയിംസ് എന്നീ വിഷയങ്ങളില്‍ അഖിലേന്ത്യാ പുരോഗമന സാഹിത്യ ചരിത്രം, തെറ്റില്ലാതെ മലയാളം എഴുതാനും സംസാരിക്കാനുമുള്ള കേരള ഭാഷാ പാഠാവലി, കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, കേരള ചരിത്രം, ഇന്ത്യാ ചരിത്രം, ലോക ചരിത്രം, ഫുട്‌ബോള്‍ ഇതിഹാസങ്ങളും പ്രതിഭകളും, മാര്‍ക്‌സ്@200സമൂഹം സംസ്‌കാരം ചരിത്രം, സഹകരണ നിയമങ്ങളും ചട്ടങ്ങളും, ഇന്ത്യന്‍ ഭരണഘടന, ഭാരതീയ കാവ്യശാസ്ത്രം, ആധ്യാത്മരാമായണം എഴുത്തച്ഛന്‍, അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍,  യക്ഷഗാനം,ദക്ഷിണേന്ത്യന്‍ സംഗീതം, എ.ആര്‍.സമ്പൂര്‍ണ കൃതികള്‍, ഋഗ്വേദം, നാട്ടു മൊഴിച്ചന്തം, ഇന്ത്യ 2020, ഗണിത വിശ്ലേഷണതത്വങ്ങള്‍, ശ്രീനാരായണ ഗുരു സമ്പൂര്‍ണ കൃതികള്‍, ഒന്ന് രണ്ട് മൂന്ന് അനന്തം, അനന്തം എന്തെന്നറിഞ്ഞയാള്‍, അമര്‍ത്യാസെന്നിന്റെ വികസനം തന്നെ സ്വാതന്ത്ര്യം, എറിക് ഹോബ്സ്ബാം ചരിത്രരചനയിലെ വിസ്മയം, കേരളം ഭൂപടങ്ങളിലൂടെ, ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങള്‍, നൂറ് രസതന്ത്ര കഥകള്‍, പാര്‍പ്പിടം, രാജാരവിവര്‍മ്മയുടെ വിഖ്യാതങ്ങളായ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഗ്രന്ഥം, ഇര്‍ഫാന്‍ ഹബീബിന്റെ വിവര്‍ത്തനം ചെയ്ത  ചരിത്ര പുസ്തകങ്ങള്‍, ഡോ.അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികളുടെ വാല്യങ്ങള്‍, ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ്, ഒ.എന്‍.വി.കുറുപ്പിന്റെ സമ്പൂര്‍ണകൃതികളുടെ സമഗ്ര പഠനഗ്രന്ഥമായ ‘ഒ.എന്‍.വി കാവ്യസംസ്‌കൃതി, പ്രൊഫ.പന്മന രാമചന്ദ്രന്‍ നായര്‍ ചീഫ് എഡിറ്ററായ എ.ആര്‍.സമ്പൂര്‍ണകൃതികള്‍, സ്വാമി മുനിനാരായണ പ്രസാദ് വ്യാഖ്യാനം ചെയ്ത 10 ഉപനിഷത്തുകള്‍ തുടങ്ങിയവയും  എല്ലാ വിഷയങ്ങളിലെയും ക്ലാസിക് കൃതികളുടെ വിവര്‍ത്തനവും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശാസ്ത്രസാങ്കേതിക പദാവലിയുടെ നിര്‍മാണവും പ്രചരണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു പ്രവര്‍ത്തന മേഖല. വിജ്ഞാനശബ്ദാവലി ഉള്‍പ്പെടെ 20 ല്‍ പരം ശബ്ദാവലികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശബ്ദതാരാവലിക്കു ശേഷം മലയാളത്തില്‍ പ്രസിദ്ധീകൃതമായ ഏറ്റവും പ്രധാന നിഘണ്ടുവായ കേരള ഭാഷാ നിഘണ്ടു ഉള്‍പ്പെടെ 25 ഓളം നിഘണ്ടുക്കളും ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയിട്ടുണ്ട്. ലിപി പരിഷ്‌കരണം, മലയാളം കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിലും ഇന്‍സ്റ്റിറ്റ്യൂട്ട് സവിശേഷ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. മലയാളത്തിലെ ഏക വൈജ്ഞാനിക മാസികയായ വിജ്ഞാനകൈരളി പ്രസിദ്ധീകരിക്കുന്നത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.