*ക്രൈംബ്രാഞ്ചും അന്വേഷിക്കും

സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങൾ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മീഷണർ ഡോ. കൗശികന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവായതായി ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത അറിയിച്ചു. ഇതോടൊപ്പം ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. ഇതിനായി എ. ഡി. ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.
ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയിലെ അംഗങ്ങളും തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചു. ചില കടലാസുകൾ ഭാഗികമായി കത്തിയിട്ടുണ്ട്. പൊതുഭരണ വകുപ്പിന്റേയും വിനോദ സഞ്ചാര വകുപ്പിന്റേയും ചില സെക്ഷനുകൾ പ്രവർത്തിക്കുന്ന നോർത്ത് സാൻവിച്ച് ബ്‌ളോക്കിലെ രണ്ടാം നിലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ ചെറിയ തീപിടിത്തം ഉണ്ടായത്.