* ഓൺലൈൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു
ഓണ വിപണി ലക്ഷ്യമിട്ട്  കൃഷിവകുപ്പ് സംസ്ഥാനത്താകെ ആരംഭിക്കുന്ന 2000 നാടൻ പഴം-പച്ചക്കറി ഓണസമൃദ്ധി വിപണികളുടെ സംസ്ഥാനതല  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് വിപണികളിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷികവൃത്തിയും ജൈവ ഉല്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നത്. ഇതിന്റെ ഫലമാണ് 46000 ഹെക്ടർ കൃഷിഭൂമിയെന്നത് 96000 ഹെക്ടർ ആയി വർധിപ്പിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന ഹോർട്ടികോർപ്പിന്റെ അഞ്ച് ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.
പാളയത്തെ ഹോർട്ടികോർപ്പ് വിപണിയിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക ഉല്പാദനത്തോടൊപ്പം വിപണന ശൃംഖല ശക്തിപ്പെടുത്താനുമാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി  പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകിക്ക് പച്ചക്കറി കിറ്റ് നൽകി  ആദ്യ വില്പന  മന്ത്രി നിർവഹിച്ചു.


വിപണികൾ ഇന്നു (27.08.20) മുതൽ 30 വരെ പ്രവർത്തിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1350, വി.എഫ്.പി.സി.കെയുടെ 150 ഹോർട്ടികോർപ്പിന്റെ 500 വിപണികളാണ് സജ്ജമാക്കുന്നത്. പ്രാദേശിക കർഷകരിൽ നിന്നും വിപണി വിലയേക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കുന്ന  പഴം-പച്ചക്കറികൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും. കർഷകരുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങളും ഉറപ്പാക്കുന്നു. 100 രൂപയുടെയും 150 രൂപയുടെയും കിറ്റുകളും വിപണിയിൽ ലഭിക്കും.
ഇടുക്കി വട്ടവട-കാന്തല്ലൂരിൽ നിന്നുളള  പച്ചക്കറികൾ, മറയൂർ ശർക്കര, കാന്തല്ലൂർ,  വെളുത്തുളളി, കൃഷിവകുപ്പ് ഫാമിന്റെ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ എന്നിവയും വില്പനയ്ക്കുണ്ട്. ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ മുഖാന്തിരം ഓൺലൈനായും പച്ചക്കറി ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ ഓർഡറുകൾ സ്വീകരിച്ച് റസിഡൻസ് അസോസിയേഷനുകൾ മുഖേന വിപണനം ചെയ്യുന്ന സംവിധാനവും ഓണച്ചന്തകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പ്രാദേശിക പച്ചക്കറികൾ, ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറികൾ എന്നിവയ്ക്ക് പ്രത്യേകം ബോർഡുകൾ വിപണികളിൽ സ്ഥാപിച്ചിട്ടുണ്ട് പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടായിരിക്കും വിപണികൾ പ്രവർത്തിക്കുക. ആഴ്ചചന്തകളും, ഗ്രാമചന്തകളും, വഴിയോരകർഷക ചന്തകളും വ്യാപകമാക്കാനും തീരുമാനമായിട്ടുണ്ട്. ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ.സജീവ്, കൃഷി അഡീഷണൽ ഡയറക്ടർ മധു ജോർജ്ജ് മത്തായി. അഡീഷണൽ ഡയറക്ടർ രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.