ജി.എസ്.ടി കുടിശിക ലഭിക്കുന്നത് സംബന്ധിച്ച് ഏഴു ദിവസത്തിനകം സംസ്ഥാനങ്ങൾ നിലപാടറിയിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ജി. എസ്. ടി കൗൺസിൽ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ചർച്ച ചെയ്ത് യോജിച്ച തീരുമാനമെടുക്കാൻ ശ്രമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചർച്ചയ്ക്ക് കേരളം മുൻകൈയെടുക്കും. കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടാകും. 70000 കോടി രൂപ സെസ് വഴി പിരിഞ്ഞു കിട്ടും. കേന്ദ്രധനമന്ത്രി രണ്ടു നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. എന്നാൽ ഇത് പൂർണമായി അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് യോഗത്തെ അറിയിച്ചു. തുടർന്നാണ് ഏഴു ദിവസത്തിനകം സംസ്ഥാനങ്ങൾ നിലപാടറിയിക്കാൻ ആവശ്യപ്പെട്ടത്. നഷ്ടപരിഹാരതുക കേന്ദ്രം വായ്പയെടുത്ത് നൽകുന്നതാണ് ഉചിതമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും യോഗത്തിൽ അഭിപ്രായപ്പെട്ടതായി മന്ത്രി പറഞ്ഞു.

അനധികൃത സ്വർണം കണ്ടുകെട്ടി
സംസ്ഥാനത്തിന്റെ പുതിയ സ്വർണവേട്ട നയപ്രഖ്യാപനത്തിന് ശേഷം ആദ്യമായി 3.846 കിലോഗ്രാം സ്വർണം പിടികൂടിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. 1.96 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനധികൃതമായി കടത്തുന്ന സ്വർണം പിടികൂടാൻ ജി. എസ്. ടി വകുപ്പ് കർക്കശ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.