ജില്ലയിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാതാപിതാക്കളും സമൂഹവും മാധ്യമങ്ങളും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ബത്തേരിയിൽ നടത്തിയ സെമിനാർ ആവശ്യപ്പെട്ടു. ഈ വർഷം ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം പന്ത്രണ്ടോളം പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോക്‌സോ കേസുകളാണ് കഴിഞ്ഞ വർഷം വരെ ജില്ലയിലുണ്ടായിരുന്നതെങ്കിലും ഇപ്പോഴുള്ള സ്ഥിതി ആശങ്കാജനകമാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ബാലവിവാഹം തുടങ്ങിയവ ആദിവാസി വിഭാഗങ്ങൾക്കിടയിലായിരുന്നു മുമ്പ് കൂടുതൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ മറ്റു വിഭാഗങ്ങളിലും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാറിയ സമൂഹത്തിൽ കുട്ടികൾ ഉൾപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ജാഗ്രതയോടെയാവണം. പോക്‌സോ നിയമങ്ങളും ജുവനൈൽ ജസ്റ്റിസ് ആക്ടും നല്ലപോലെ മനസ്സിലാക്കി മാത്രമേ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യാൻ പാടുള്ളൂ. അതിക്രമങ്ങൾക്ക് ഇരയാവുന്ന കുട്ടികളെക്കുറിച്ച് യാതൊരു സൂചനയും നിയമ പ്രകാരം വാർത്തയിൽ ഉണ്ടാകാൻ പാടില്ല. വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ തന്നെ നിയമ നടപടികൾ നിന്നും ഒഴിവാകുക എന്നതും ഒരു റിപ്പോർട്ടറെ സംബന്ധിച്ച് പ്രാധാന്യമേറിയതാണ്.

കുട്ടികൾക്കെതിരായ അതിക്രമങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തിൽ ജില്ലാ പ്രോബേഷൻ ഓഫീസർ അഷ്‌റഫ് കാവിൽ ക്ലാസ്സെടുത്തു. പോക്‌സോ നിയമം കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ശക്തമായ നിയമ നിർമ്മാണമാണ്. ഈ നിയമത്തിന് മാധ്യമങ്ങൾ കാവൽ നിൽക്കണം. ആദിവാസകൾക്കിടയിൽ പോക്‌സോ സംബന്ധിച്ച് ജില്ലയിൽ കാര്യക്ഷമമായ ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായുളള കരുതൽ സാമൂഹ്യമാധ്യമങ്ങളിൽ എന്ന വിഷയത്തിൽ കൽപ്പറ്റ ഡി.വൈ.എസ്.പി പ്രിൻസ് എബ്രഹാം ക്ലാസ്സെടുത്തു. അനുദിനം സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുകയാണ്. ചെറിയൊരു അബദ്ധങ്ങൾ പോലും വലിയ വില നൽകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. കുട്ടികൾക്കിടയിലും കൗമാരക്കാർക്കിടയിലും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ശരിയായ ബോധവത്കരണവും സ്വയം തിരിച്ചറിവുമാണ് വേണ്ടത്. സമൂഹമാധ്യമങ്ങൾ കൊടുങ്കാറ്റുപോലെയാണ് നല്ലതും ചീത്തയുമെല്ലാം പ്രചരിപ്പിക്കുക. കുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയുമെല്ലാം അപകീർത്തിപ്പെടുത്തുന്നതരത്തിലുള്ള ചിത്രങ്ങൾ പകർത്തുന്നതും സൂക്ഷിക്കുന്നതുമെല്ലാം കുറ്റകരമാണ്. വിദ്യാലയങ്ങൾ, വീടുകൾ, പൊതുഇടങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം പീഢനങ്ങൾ പെരുകുമ്പോൾ ജാഗ്രത തന്നയാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ബാലവാകാശകമ്മീഷന്റെ ഇടപെടലുകളും മുന്നേറ്റങ്ങളും സംബന്ധിച്ച് ബാലവാകാശ കമ്മീഷൻ മുൻ അംഗം ഗ്ലോറി ജോർജ്ജ് വിഷയാവതരണംനടത്തി. ബാലാവാകാശകമ്മീഷന്റെ കൃത്യമായ ഇടപെടലുകൾ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. വിദ്യാലയങ്ങൾ മുതൽ കോടതിയിൽ വരെ അതുവരെ കുട്ടികളുടെ കാര്യങ്ങളിൽ തുടർന്നു വരുന്ന രീതികൾക്ക് കാതലായമാറ്റം ഇതോടെ വന്നതായും ഈ അവകാശസംരക്ഷണങ്ങൾക്ക് മാധ്യമങ്ങൾക്കും കാതലായ പങ്ക് വഹിക്കാനുണ്ടെന്ന് അവർ പറഞ്ഞു. ജാഗ്രത റിപ്പോർട്ടിങ്ങ്, എഡിറ്റിങ്ങ്, ലേ ഔട്ട് എന്ന വിഷയത്തിൽ വയനാട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ.ഷീജയും കുട്ടികളുമായി ബന്ധപ്പെട്ട ശരണബാല്യം പദ്ധതിയെക്കുറിച്ച് പ്രൊട്ടക്ഷൻ ഓഫീസർ പി.എം.അസ്മിതയും വിശദീകരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.പി.അബ്ദുൾ ഖാദർ മോഡറേറ്ററായിരുന്നു. അസി.ഇൻഫർമേഷൻ ഓഫീസർ ഇ.പി.ജിനീഷ്, ബത്തേരി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എൻ.എ.സതീഷ് എന്നിവർ സംസാരിച്ചു.