ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

ഗ്രാന്റ് കെയര്‍ പദ്ധതിയുടെ ഭാഗമായി കോവിഡ്-19 വയോക്ഷേമ ജില്ലാ കോള്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. കോള്‍ സെന്ററിലേക്കുള്ള മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ആദ്യ കോള്‍ എടുത്തത് എറണാകുളം ജില്ലാ കളക്ടര്‍ സുഹാസാണ്.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കോവിഡ് മരണനിരക്ക്, പ്രത്യേകിച്ച് വയോജനങ്ങളുടെ മരണ നിരക്ക് കുറക്കാന്‍ സാധിച്ചുവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകച്ച വ്യാധികള്‍ കൂടുതല്‍ അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. എന്നാല്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ചികിത്സയുടേയും ഫലമായി മരണ നിരക്ക് വളരെ കുറച്ച് കൊണ്ടുവരാന്‍ സാധിച്ചു. എന്‍.സി.ഡി. കണ്‍ട്രോള്‍ പദ്ധതി വഴി വയോജനങ്ങള്‍ക്ക് വീടുകളില്‍ മരുന്നെത്തിക്കാന്‍ കഴിഞ്ഞതിലൂടെ വളരെയേറെപ്പേര്‍ക്ക് സഹായകരമായി. അണ്‍ലോക്കില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രോഗ വ്യാപന സാധ്യത കൂടുതലാണ്. അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ്‌ന്റെ വ്യാപനം വര്‍ധിക്കുകയും ഈ മഹാമാരി വയോജനങ്ങളെ കൂടുതലായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യം മുമ്പില്‍ കണ്ടുകൊണ്ട് സംസ്ഥാനത്തെ 47 ലക്ഷത്തോളം വരുന്ന വയോജനങ്ങളെ നിരന്തരം ബന്ധപ്പെട്ട് അവരുടെ ആരോഗ്യ പ്രശ്‌നങ്ങളും മറ്റ് ആവശ്യങ്ങളും പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് എല്ലാ ജില്ലകളിലും വയോക്ഷേമ കോള്‍ സെന്ററുകള്‍ ആരംഭിച്ചത്. അങ്കണവാടി ജീവനക്കാര്‍ മുഖേന ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കോള്‍ സെന്റര്‍ വഴി വയോജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നത്.

വീടുകളില്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്ന വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളും, അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നതിനായാണ് 14 ജില്ലകളിലും വയോക്ഷേമ കോള്‍ സെന്റര്‍ ആരംഭിച്ചത്. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് ഈ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. കോള്‍ സെന്ററില്‍ 20 ജീവനക്കാര്‍ 2 ഷിഫ്റ്റുകളിലായാണ് സേവനമുഷ്ഠിക്കുന്നത്. 10 ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഓരോ ജില്ലകളിലും ഐ.സി.ഡി.എസ്. വഴി ശേഖരിച്ച വയോജനങ്ങളുടെ വിവരങ്ങള്‍ ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റുവെയര്‍ വഴി വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഇടപെടലുകള്‍ നടത്തുന്നത്. ആവശ്യമായവര്‍ക്ക് ചികിത്സയും മാനസികാരോഗ്യത്തിനായി കൗണ്‍സിലിംഗും നല്‍കുന്നു.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, എന്‍.സി.ഡി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ ഗോപാല്‍, ബി.എസ്.എന്‍.എല്‍. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രീതി, വിവിധ ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.