പത്തനംതിട്ട: തിരുവല്ല – കാവുംഭാഗം – തുകലശേരി റോഡിന്റെ നവീകരണത്തിനായി അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. കാവുംഭാഗത്തു നിന്ന് തുടങ്ങി ശ്രീവല്ലഭ ക്ഷേത്രത്തിനു മുന്‍പിലൂടെ ആഞ്ഞിലിമൂട് ജംഗ്ഷന്‍ വരെയുള്ള 4.97 കിലോമീറ്റര്‍ ദൂരം ഉന്നത നിലവാരത്തില്‍ ബിഎം ആന്‍ഡ് ബിസി ടാറിംഗ് നടത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.

കൂടാതെ, റ്റികെ റോഡിലെ തിരുവല്ല മുതല്‍ വള്ളംകുളം പാലം വരെയുള്ള ഭാഗത്ത് റോഡ് സുരക്ഷാ പ്രവൃത്തികള്‍ ചെയ്യുന്നതിനും ജംഗ്ഷനുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും 37 ലക്ഷം രൂപയുടെ അനുമതി ലഭ്യമായിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

തിരുവല്ല നഗരത്തിന്റെ റിംഗ് റോഡായി ഉപയോഗിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള കാവുംഭാഗം – തുകലശേരി റോഡ് കാവുംഭാഗത്തു നിന്ന് നഗരത്തിലെ തിരക്ക് ഒഴിവാക്കി എംസി റോഡില്‍ പ്രവേശിക്കുന്നതിന് വഴിയൊരുക്കും. കൂടാതെ ആഞ്ഞിലിമൂട് -മഞ്ഞാടി റോഡു വഴി റ്റികെ റോഡിലേക്ക് പ്രവേശിക്കുന്നതിനും സാധിക്കും. ഇതിനോട് ചേര്‍ന്ന് പള്ളിവേട്ടയാലില്‍ നിന്നും ഇരമല്ലിക്കര വരെ പണികള്‍ നടന്നുകൊണ്ടിരിക്കുന്ന റോഡിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തോടെ, എംസി റോഡിലെ പ്രാവിന്‍കൂട്, മാവേലിക്കര റോഡിലെ ആലുംതുരുത്തി എന്നിവിടങ്ങളില്‍ നിന്നും ഒരു ബൈപ്പാസായി ഉപയോഗിക്കാന്‍ സാധിക്കും. ഇതിനൊപ്പം, നിര്‍മാണം പൂര്‍ത്തീകരിച്ച കാവുംഭാഗം – മുത്തൂര്‍ റോഡിലൂടെ തുകലശേരിയില്‍ നിന്നും ടൗണില്‍ കയറാതെ തന്നെ മുത്തൂരില്‍ എത്താന്‍ സാധിക്കും.