ഇടുക്കി: അന്തരിച്ച മഹാനടന്‍ തിലകന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച പാര്‍ക്ക് പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു. തിലകന്‍ കുട്ടിക്കാലം ചിലവഴിച്ച പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിലാണു സ്മാരകം ഒരുക്കിയിട്ടുള്ളത്.
പെരുവന്താനം മണിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന കേശവന്‍ റൈറ്ററുടെയും ദേവയാനിയുടെയും മകനായി 1935 ജൂലൈ 15-ന് ജനിച്ച തിലകന്‍ തന്റെ കുട്ടിക്കാലവും സ്‌കൂള്‍ വിദ്യാഭ്യാസ കാലവും ചിലവഴിച്ചത് ഈ പ്രദേശത്തായിരുന്നു. മുണ്ടക്കയം സി.എം.എസ്. സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് തിലകന്‍ കലാപ്രവര്‍ത്തനം തുടങ്ങിയത്. 1955 ല്‍ കോളേജ് പഠനം ഉപേക്ഷിച്ച തിലകന്‍ സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം നാടകസമിതിക്ക് രൂപം കൊടുത്തു. കെ.പി.എ.സി, കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത, പി.ജെ. ആന്റണിയുടെ നാടക സമിതി എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷം 1973 ലാണ് സിനിമാരംഗത്തേക്ക് എത്തുന്നത്.
തിലകന്റെ മരണശേഷം അദ്ദേഹത്തോടുള്ള ആദര സൂചകമായാണു പെരുവന്താനം പഞ്ചായത്ത് ഭരണ സമിതി സ്മാരകം പണിയാന്‍ തീരുമാനിച്ചത്. മകന്‍ ഷമ്മി തിലകന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും ലഭിച്ചിരുന്നു. പാര്‍ക്കിന്റെ നിര്‍മ്മാണത്തിനായി തിലകന്റെ പിതാവ് ജോലി ചെയ്തിരുന്ന ടി.ആര്‍. ആന്‍ഡ് ടി തോട്ടം ഉടമ നാല്‍പ്പത് സെന്റ് സ്ഥലം വിട്ടു നല്‍കി.
1.15 കോടി രൂപയാണു പദ്ധതിക്ക്  ചിലവഴിച്ചത്. പാര്‍ക്ക്, തടാകം, ഓപ്പണ്‍ തിയേറ്റര്‍, കൊട്ട വഞ്ചി, പെഡല്‍ ബോട്ട്, ചുറ്റുമതില്‍, ഇരിപ്പിടങ്ങള്‍ എന്നിവയാണു പദ്ധതി പ്രകാരം ഒരുക്കിയിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രം വളളിയങ്കാവ് ഭഗവതി ക്ഷേത്രം, ടൂറിസം കേന്ദ്രമായ പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്കുള്ള റോഡിനോടു ചേര്‍ന്നാണ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
പാര്‍ക്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാലുപേര്‍ക്ക് ഇതിനോടകം ജോലി കൊടുത്തിട്ടുണ്ട്. ഇതോടൊപ്പം ടൂറിസം മുഖാന്തിരം പ്രദേശത്ത് സാമ്പത്തിക ഉണര്‍വ് ഉണ്ടാക്കുന്ന വിധമാണു പാര്‍ക്കിന്റെ നിര്‍മാണം.
പാര്‍ക്കിലെത്തുന്നവര്‍ക്കായി ഇതിനു  സമീപം നിര്‍മ്മിച്ച ആധുനിക വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി.
പാര്‍ക്കിന്റെയും വഴിയോര വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. നിര്‍വഹിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്ക്, കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് നെചൂര്‍ തങ്കപ്പന്‍, പഞ്ചായത്ത് മെമ്പര്‍ പി.ഇ. വര്‍ക്കി, സന്ധ്യ സുഭാഷ്, ബിജു, നിസാര്‍ പാറയ്ക്കല്‍, പഞ്ചായത്ത് സെക്രട്ടറി ടിജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.