തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി പഞ്ചായത്തിലെ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ പുത്തൻകുളം, മുളഞ്ചേരിക്കുളം എന്നിവിടങ്ങളിലായി കട്ട്‌ള, രോഹു, മൃഗാള തുടങ്ങിയ രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

നാടിന്റെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുകയും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡൻറ് എ പി ബെന്നി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡൻറ് ശ്രീദേവി ജയരാജൻ, വാർഡ് അംഗങ്ങളായ സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ്, സബിത ചന്ദ്രൻ എന്നിവർ പങ്കെടുത്തു.