വൻജനപങ്കാളിത്തത്തോടെ ഉൽസവച്ഛായയിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ താലൂക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരു ജനതയുടെ ചിരകാല സ്വപ്‌നമാണ് പുതിയ താലൂക്ക് രൂപീകരണത്തിലൂടെ യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതു മാനദണ്ഡം വച്ചുനോക്കിയാലും വളരെ നേരത്തേ തന്നെ രൂപീകൃതമാവേണ്ടതായിരുന്നു പയ്യന്നൂർ താലൂക്ക്. എന്നാൽ പല കാരണങ്ങളാൽ അത് നടപ്പിലാവാതെ പോവുകയായിരുന്നു. ഇക്കാര്യത്തിൽ ജനങ്ങളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് കണ്ടെതിനാലാണ് പുതിയ സർക്കാർ ഇതിന് മുന്തിയ പരിഗണന നൽകി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഭരണസംവിധാനം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പയ്യന്നൂരും കുന്നംകുളത്തും താലൂക്കുകൾ രൂപീകരിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമായിരുന്നു. ഈ രംഗത്ത് കൂടുതൽ മാറ്റങ്ങൾ ആവശ്യമാണെന്നും ക്രമേണ അവ സർക്കാർ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂൾ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി ടീച്ചർ എം.പി, എം.എൽ.എമാരായ സി. കൃഷ്ണൻ, ടി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി, സബ്കലക്ടർ എസ് ചന്ദ്രശേഖരൻ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി സത്യപാലൻ, വി.വി പ്രീത, ടി ലത, എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, മുൻ എം.എൽ.എ പി ജയരാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
പയ്യന്നൂർ താലൂക്കിലെ ആദ്യ സർട്ടിഫിക്കറ്റ് വിതരണം അഡ്വ. ശശി വട്ടക്കൊവ്വലിന് നൽകി മുഖ്യമന്ത്രി നിർവഹിച്ചു. പെരിങ്ങോം വില്ലേജിലെ ചിറ്റടി കോളനിയിലെ ഒൻപത് പേർക്കുള്ള പട്ടയങ്ങൾ റവന്യൂ വകുപ്പ് മന്ത്രി വിതരണം ചെയ്തു. ഒളിംപിക്‌സ് താരം മാന്വൽ ഫ്രെഡറിക്കിന് വീടുവയ്ക്കാൻ കണ്ണൂർ താലൂക്കിലെ പള്ളിക്കുന്ന് വില്ലേജിലെ ചാലാട് ദേശത്ത് സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമിയുടെ പട്ടയം മുഖ്യമന്ത്രിയിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. പുതിയ പയ്യന്നൂർ താലൂക്കിന്റെ ഭൂപടം ജില്ലാ കലക്ടർ പയ്യന്നൂർ തഹസിൽദാർ തുളസീധരൻ പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പും കണ്ണൂർ താലൂക്കും വിഭജിച്ചാണ് പയ്യന്നൂർ താലൂക്ക് രൂപീകരിച്ചിരിക്കുന്നത്. തളിപ്പറമ്പ് താലൂക്കിലെ രാമന്തളി, പയ്യന്നൂർ, വെള്ളൂർ, കോറോം, കരിവെള്ളൂർ, പെരളം, കാങ്കോൽ, ആലപ്പടമ്പ, എരമം, പെരുന്തട്ട, കുറ്റൂർ, വെള്ളോറ, പെരിങ്ങോം, വയക്കര, തിരുമേനി, പുളിങ്ങോം എന്നീ 16 വില്ലേജുകളും കണ്ണൂർ താലൂക്കിലെ കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ ആറ് വില്ലേജുകളും അടക്കം 22 വില്ലേജുകൾ ഉൾപ്പെട്ടതാണിത്.
513.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള താലൂക്കിൽ 2011-ലെ സെൻസസ് പ്രകാരം ജനസംഖ്യ 3,50,836 ആണ്. പയ്യന്നൂരിലെ മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിലാണ് പുതിയ താലൂക്ക് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.