പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന് വലിയ ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോവുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ താലൂക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മൊത്തത്തിലുള്ള വികസനവും പുരോഗതിയുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏതുകാലം നടപ്പാവുമെന്ന് നാം ആശങ്കപ്പെട്ടിരുന്ന ദേശീയപാത വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വലിയ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിയും എന്ന അവസ്ഥയിലേക്ക് നാം മാറിക്കൊണ്ടിരിക്കുകയാണ്.
ഗെയിൽ പൈപ്പ് ലൈൻ യാഥാർത്ഥ്യമാവുന്നതോടെ വീട്ടിലെ ഗ്യാസ് കണക്ഷനുകളിലടക്കം വലിയ മാറ്റങ്ങൾ പലയിടത്തും സംഭവിക്കാൻ പോവുന്നു. ഗ്യാസ് ഉപയോഗിച്ചുള്ള പല വികസന പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നടപ്പിലാക്കാനാവും. 50,000 കോടി രൂപയാണ് പശ്ചാത്തല സൗകര്യവികസനത്തിനായി ചെലവിടാനാണ് കിഫ്ബി എന്ന സംവിധാനം രൂപം നൽകിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനകാര്യത്തിൽ പക്ഷഭേദമില്ലാതെ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജലസംരക്ഷണ, കാർഷിക പ്രവർത്തനങ്ങളിൽ ഇതിനകം നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. ചൂട്കൂടിവരുന്ന നിലവിലെ അവസ്ഥയിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. വിദ്യാഭ്യാസ സംരക്ഷണം, പാവപ്പെട്ടവർക്കുള്ള ഭവനനിർമാണ പദ്ധതി തുടങ്ങിയ കാര്യങ്ങളിലും ജനങ്ങളുടെ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.