ക്യാൻസർ രോഗത്തോട് പൊരുതുന്നവർക്ക് കരുത്തു പകർന്ന് തലമുടി ദാനം ചെയ്ത് പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ആർ.ഐ.റ്റി.) വിദ്യാർത്ഥിനികൾ. വനിതാദിനാചരണത്തിന്റെ ഭാഗമായി കോളേജ് എൻഎസ്എസ് യൂണിറ്റും വിമൻസ് സെല്ലും സംയുക്തമായി ക്യാപ്പ് അറ്റ് കാമ്പസ് എന്ന സംഘടനയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിലാണ് തലമുടി ദാനം ചെയ്തത്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി ശില്പ വി. മേനോൻ, ട്രീസ (ഇലക്ട്രോണിക്സ്), ആര്യ മുരളി (സിവിൽ), കൃഷ്ണ അനിൽ (ഇലക്ട്രോണിക്സ്), സൗന്തോസ് കെ. മുനീർ (കമ്പ്യൂട്ടർ സയൻസ്), അപർണ (കമ്പ്യൂട്ടർ സയൻസ്) എന്നിവർ തലമുടി മുറിച്ചു നൽകി. കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആർ.ഐ.റ്റി. പ്രിൻസിപ്പൽ ഡോ. എം.ജെ. ജലജ അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ് കോ ഓർഡിനേറ്റർ പ്രൊഫ. നന്ദ കിഷോർ, അസോ. പ്രൊഫസർ ഡോ. ബി.കെ. ബിന്ദു, എൻഎസ്എസ് യൂണിറ്റ് സെക്രട്ടറി എം. വീണ, കോളേജ് യൂണിയൻ വനിതാ പ്രതിനിധി അസ്ന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന ക്യാൻസർ ബോധവത്കരണ സെമിനാർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് റിച്ചാർഡ് നയിച്ചു.