കൃത്യമായ സമയത്ത് വാക്സിനേഷൻ എടുക്കാനും സമൂഹത്തിന്റെ പൊതുആരോഗ്യം ഉറപ്പുവരുത്താനും എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ. പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ, വാഴൂർ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയ പോലുള്ള ആധുനിക ആശയവിനിമയ ഉപാധികൾ വാക്സിനേഷനെതിരെ പ്രചരണം നടത്തുന്നതിന് ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് പോളിയോ പോലുള്ള രോഗങ്ങൾ രാജ്യത്തു നിന്ന് ഉ•ൂലനം ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്- അദ്ദേഹം പറഞ്ഞു.
കോട്ടയം ജനറൽ ആശുപത്രിയിലെ ഡോ. അജിത്ത് ആർ. വാക്സിനേഷനും ആശങ്കകളും എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്‌കലാ ദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം ജോൺ, ഗ്രാമപഞ്ചായത്തംഗം തങ്കമ്മ അലക്സ് എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ സിന്ധു ചന്ദ്രൻ നന്ദിയും പറഞ്ഞു.