യുവതലമുറയുടെ നൈപുണ്യ ശേഷി വികസനത്തിന് മുന്‍ഗണന -മന്ത്രി ടി.പി. രാമകൃഷ്ണന്‍

ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് യുവതലമുറയുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി വരികയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള വികസന പ്രവൃത്തികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ വ്യവസായ പരിശീലന കേന്ദ്രങ്ങളില്‍ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് മികവും സാധ്യമാക്കുന്നതിലൂടെ സംസ്ഥാനത്ത് കരുത്താര്‍ന്ന തൊഴില്‍ ശേഷി വളര്‍ത്തിയെടുക്കാനാകും. പരിശീലനം പൂര്‍ത്തീകരിച്ച് നൈപുണ്യ ശേഷി കൈവരിക്കുന്നവര്‍ക്ക് ഏറെ സാധ്യതകളുണ്ട്. ഐ.ടി. ഐ കള്‍ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചും തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 97 സര്‍ക്കാര്‍ ഐടിഐകളെയും ഉന്നതനിലവാരത്തിലേക്ക് എത്തിക്കും-മന്ത്രി പറഞ്ഞു.

പ്രാദേശിക പുരോഗതിയിലും സാമ്പത്തിക അഭിവൃദ്ധിയിലും ഐ.ടി.ഐകള്‍ക്ക് കാര്യക്ഷമമായ ഇടപെടല്‍ നടത്താനാകും. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയിലെ ട്രെയിനികളും പരിശീലകരും ഉള്‍പ്പെട്ട നൈപുണ്യ കര്‍മ്മ സേന 2018-ലെ പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു- അദ്ദേഹം പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാനത്തെ പത്ത് ഐടിഐകളില്‍ ഒന്നാണിത്. 7.62 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിനാണ് തുടക്കം കുറിച്ചത്. മൂന്നു നിലകളുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഹോസ്റ്റല്‍, ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ആധുനിക വര്‍ക്ക് ഷോപ്പുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിര്‍മിക്കുക. ലോകബാങ്ക് പദ്ധതിയായ സ്ട്രൈവില്‍ ഉള്‍പ്പെടുത്തി 2.25 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഐടിഐയില്‍ നടന്നുവരികയാണ്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഐ.ടി.ഐ. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍ എ അധ്യക്ഷത വഹിച്ചു.ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു.

കെ.എ.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എം.ആര്‍ അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍, വാര്‍ഡ് അംഗം ജിജി ജോയി എന്നിവര്‍ പങ്കെടുത്തു. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ റെജി പോള്‍ നന്ദിയും പറഞ്ഞു.