തദ്ദേശ സ്ഥാപനങ്ങളുടെ നവീകരണത്തിലൂടെ
ക്ഷേമപ്രവര്‍ത്തനം ഊര്‍ജിതമാക്കും : മന്ത്രി എ.സി. മൊയ്തീന്‍


തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. സംസ്ഥാനത്തുടനീളമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആധുനീകരണം ഇതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ലൈഫ് അടക്കമുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണു നടത്തിയതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയംപോലുള്ള പ്രകൃതി ദുരന്തങ്ങളെയും കോവിഡ് മഹാമാരിയേയും ചെറുത്തു നില്‍ക്കാന്‍ സര്‍ക്കാരിനു കൈത്താങ്ങായതും തദ്ദേശ സ്ഥാപനങ്ങളാണെന്നു മന്ത്രി പറഞ്ഞു.

സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.15 കോടി രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍, ശുചിത്വ ബ്ലോക്ക് പദ്ധതി പ്രഖ്യാപനം, പൗരാവകാശരേഖ പ്രകാശനം, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരെ ആദരിക്കല്‍ എന്നിവയും നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ, വൈസ് പ്രസിഡന്റ് എസ്. ആര്യദേവന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബിജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ സൗമ്യ ഉദയന്‍, അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമവികസന കമ്മീഷണര്‍ എന്‍. പത്മകുമാര്‍ എല്‍.എസ്.ജി.ഡി. അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ജ്യോതിസ്, ജില്ലാ വനിതക്ഷേമ ഓഫീസര്‍ സജിന സത്താര്‍, ബിഡിഒ കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.