സംസ്ഥാനത്ത് വയോജന കമ്മീഷന്‍ ആരംഭിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ‘സായംപ്രഭ’ പദ്ധതി വഴി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. ‘മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നങ്ങളില്‍ നാം എവിടെ, എങ്ങോട്ട് പോകണം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ കൊളോക്യം മാസ്‌ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വയോജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. 2026 ഓടെ കുട്ടികളുടെയും വയോജനങ്ങളുടെയും എണ്ണം ഏതാണ്ട് ഒരേപോലെയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വയോജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നുണ്ട്.
‘സായംപ്രഭ’യിലൂടെ അവരുടെ ആരോഗ്യ, സുരക്ഷാ പ്രശ്‌നങ്ങളും വയോജനകേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വയോജനകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. മാനസികപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാനുള്ള പരിചരണ സൗകര്യങ്ങള്‍ ഒരുക്കി നേരത്തെയുണ്ടായിരുന്ന 38 വയോമിത്രം പദ്ധതികള്‍ക്ക് പുറമേ, 44 എണ്ണം കൂടി ഈ സര്‍ക്കാര്‍ വന്നശേഷം ആരംഭിച്ചിട്ടുണ്ട്. വാര്‍ധക്യകാല പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
മൂന്നുദിവസത്തെ കൊളോക്യത്തില്‍ രാജ്യത്തെ നിരവധി പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. ഉദ്ഘാടനചടങ്ങില്‍ സെന്റര്‍ ഫോര്‍ ജറന്‍േറാളജി സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. പി.കെ.ബി നായര്‍ വിഷയാവതരണം നടത്തി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതം പറഞ്ഞു. സെന്റര്‍ ഫോര്‍ ജറന്‍േറാളജി സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ജോണ്‍ കട്ടക്കയം നന്ദി പറഞ്ഞു. സാമൂഹ്യനീതിവകുപ്പും സെന്റര്‍ ഫോര്‍ ജറന്‍േറാളജി സ്റ്റഡീസും ചേര്‍ന്നാണ് കൊളോക്യം സംഘടിപ്പിക്കുന്നത്.