നിർമ്മാണ ഉദ്ഘാടനം 30 ന്
സമുദ്ര ഭക്ഷ്യ വിഭവങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് നാല് കോടി രൂപ ചെലവിൽ ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന്റെ നിർമ്മാണ ഉദ്ഘാടനം 30ന് വൈകിട്ട് നാലിന് വിഴിഞ്ഞം ഹാർബർ പരിസരത്ത് ഫിഷറീസ് ഹാർബർ എൻജിനിയറിങ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിർവഹിക്കും.
മത്സ്യത്തൊഴിലാളി വനിതകൾക്ക് സ്ഥിരം വരുമാനത്തോടെ സ്ഥിരം തൊഴിൽ നൽകാൻ യൂണിറ്റിന് കഴിയും.  സംസ്‌ക്കരണ യൂണിറ്റിനോടനുബന്ധിച്ച് വിപണന ഔട്ട്‌ലെറ്റും ഉണ്ടായിരിക്കും.  പദ്ധതിയുടെ നടത്തിപ്പിനായി വനിതകൾക്ക് വിദഗ്ദ്ധ പരിശീലനം നൽകും.
ഹാർബറുകളിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യം മൂല്യശോഷണം സംഭവിക്കാതെ സംസ്‌ക്കരണ യൂണിറ്റിലെത്തിച്ച് പ്രീ പ്രോസസ്സിംഗ്, പ്രോസസ്സിംഗ് എന്നിവയിലൂടെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി ഉപഭോക്താക്കൾക്ക് നൽകും.  സംസ്‌ക്കരണ യൂണിറ്റിൽ പ്രോസസ്സിംഗ്, പാക്കിംഗ് വിഭാഗത്തിന് പുറമേ ശുദ്ധമായ ഐസ് ലഭ്യതയ്ക്കായി റ്റിയൂബ് ഐസ് പ്ലാന്റ്, ചിൽ റൂം സംവിധാനം, ക്വാളിറ്റി കൺട്രോൾ ലാബ്, ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്നിവ ഉണ്ടായിരിക്കും.
പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം ആഴകുളത്ത് ഒരു സീഫുഡ് റസ്റ്റോാറന്റും പ്രവർത്തനം ആരംഭിക്കും.  സംസ്‌ക്കരണ യൂണിറ്റിൽ നിന്ന് നേരിട്ടോ ഓൺലൈനായോ ഉപഭോക്താക്കൾക്ക് ഉൽപ്പന്നം വാങ്ങാനാകും.  മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനവും ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പ്രദാനം ചെയ്യുന്നതിന് പദ്ധതി ഉപകരിക്കും.
ഡോ. ശശിതരൂർ എം.പി, എം. വിൻസെന്റ് എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, എം.എ റഷീദ്, നിസബീവി, വിഴിഞ്ഞം സ്റ്റാൻലി, വെങ്ങാനൂർ ബ്രൈറ്റ്, മുജീവ് റഹ്‌മാൻ, സി.ഇ നൂറുദ്ദീൻ, എം.എം. മുഹമ്മദ് അൻസാരി, ബീനാസുകുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.