എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിൽ നടന്ന കരനെൽ കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി. പഞ്ചായത്തിൽ കരനെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് കൃഷി നടപ്പിലാക്കിയത്. ഉമ എന്നയിനം നെൽവിത്താണ് വിതച്ചത്. വിത്തുവിതച്ച് 120 ദിവസത്തിനുള്ളിൽ പാകമാകുന്ന ഇനമാണ് ഉമ.

പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുള്ള ‘തരിശു ഭൂമിയിൽ മാതൃകാ കൃഷിത്തോട്ടം’ എന്ന പദ്ധതിയിലാണ് നെൽകൃഷി ചെയ്തത്. ഒരു ഹെക്ടറിന് 17000 രൂപ എന്ന തോതിലാണ് ഒരു കർഷകന് ആനുകൂല്യം നൽകിയത്.

ചേന്ദമംഗലം കിഴക്കുംപുറത്ത് പുത്തൂത്തറ ഉത്തമൻ്റെ കൃഷിയിടത്തിൽ നടന്ന കൊയ്ത്തുൽസവം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പി.സി ആതിര, പഞ്ചായത്ത് സെക്രട്ടറി സിന്ധുമോൾ, അംഗങ്ങളായ എം.എൻ അനിൽ കുമാർ, ഷിബു ചേരമാൻതുരുത്തി, റിനു ഗലീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യൻ, കൃഷി അസിസ്റ്റൻ്റ് സിജി എന്നിവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.