ലിംഗസമത്വ സർവേ ഫലം ചർച്ച ചെയ്തു

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിലും അതിനെതിരായ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിലും കുടുംബശ്രീ പ്രവർത്തകരെ കൂടി പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന നീതം 2018 ജെൻഡർ കാംപയിന്റെ ഭാഗമായി ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺമാർ, ജെൻഡർ ആർ.പിമാർ എന്നിവരെ പങ്കെടുപ്പിച്ച് ശിക്ഷക് സദനിൽ നടന്ന ശിൽപശാലയിൽ ഫെബ്രുവരിയിൽ കുടുംബശ്രീ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ രണ്ടു ലക്ഷത്തിലധികം പേർ പങ്കെടുത്ത സർവേയിലെ പ്രധാന കണ്ടെത്തലുകളെ കുറിച്ച് ശിൽപശാല ചർച്ച ചെയ്തു. ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നമ്മുടെ സ്ത്രീകൾ ഏറെ വളരാനുണ്ടെന്നാണ് കാംപയിന്റെ ഭാഗമായി നടത്തിയ സർവേ ഫലം വ്യക്തമാക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സർവേയുടെ കണ്ടെത്തൽ പ്രകാരം 59 ശതമാനം സ്ത്രീകളും പുരുഷനായിരിക്കണം കുടുംബത്തിന്റെ തലവനെന്ന് കരുതുന്നവരാണ്. 52 ശതമാനം സ്ത്രീകളും ദാമ്പത്യജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായാലും ഭാര്യ ഭർത്താവിന്റെ കൂടെ തന്നെ ജീവിക്കേണ്ടവളാണ് എന്ന അഭിപ്രായക്കാരാണ്. 48 ശതമാനം സ്ത്രീകളും കരുതുന്നത് പ്രകോപനപരമായ വസ്ത്രധാരണം ബലാൽസംഗം ക്ഷണിച്ചുവരുത്തുമെന്നാണ്. സ്വാതന്ത്ര്യം, സ്വാശ്രയത്വം, വിശ്രമം, വിനോദം തുടങ്ങിയ അടിസ്ഥാന മാനുഷിക ആവശ്യങ്ങൾ ലഭിക്കാറില്ലെന്ന അഭിപ്രായക്കാരാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും. ബന്ധുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമാണ് സ്ത്രീകൾ കൂടുതൽ അതിക്രമങ്ങൾക്കിരയാവുന്നത്. ഏറ്റവും കൂടുതൽ അതിക്രമങ്ങൾക്കിരയാവുന്നത് ജോലിസ്ഥലങ്ങളിൽ വച്ചാണെന്നും സർവേ വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ വഴിയുള്ള അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളുമാണ് വലിയ ശല്യം. അതിക്രമങ്ങൾക്കെതിരേ നിയമനടപടികൾ സ്വീകരിച്ചത് രണ്ട് ശതമാനത്തിൽ കുറവ് ആളുകൾ മാത്രമാണ്. സർവേയിൽ പങ്കെടുത്ത 35 ശതമാനം സ്ത്രീകളും ഭർത്താക്കൻമാർക്ക് ഭാര്യമാരെ മർദ്ദിക്കുവാനുള്ള അവകാശത്തിൽ വിശ്വസിക്കുന്നവരാണെന്നും യോഗം ചർച്ച ചെയ്തു. സ്ത്രീകളുടെ വരുമാനത്തിന്റെ അവകാശി കുടുംബനാഥനാണെന്ന് കരുതുന്നവരാണ് 30 ശതമാനം സ്ത്രീകളുമെന്നും സർവേ ഫലം വ്യക്തമാക്കുന്നതായി യോഗം വിലയിരുത്തി. ശക്തമായ ബോധവൽക്കരണത്തിലൂടെ മാത്രമേ സമൂഹത്തെ ലിംഗസമത്വമെന്ന ആശയത്തിലേക്ക് കൊണ്ടുവരാനാവൂ എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചർച്ചകൾക്ക് എ.ഐ.ഡി.ഡബ്ല്യു.എ ജില്ലാ സെക്രട്ടറി എം.വി സരള, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, എ.കെ.പി.സി.ടി.എ വനിതാവിഭാഗം കൺവീനർ സി ഗീത, അഡ്വ. ജ്യോതി ധനഞ്ജയൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ഡോ. എം സുർജിത് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ നൈൽ കോട്ടായി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മിഷൻ അസി. കോ-ഓർഡിനേറ്റർ വാസുപ്രദീപ് സ്വാഗതവും പി.കെ ബിന്ദു നന്ദിയും പറഞ്ഞു.